മന്ത്രി നിര്‍മ്മല സീതാരാമന്‍ ധനമന്ത്രാലയത്തിലെത്തി ; ബജറ്റ് അവതരണം രാവിലെ 11 ന് 

സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കി കൊണ്ടുളള നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റില്‍  ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍
മന്ത്രി നിര്‍മ്മല സീതാരാമന്‍ ധനമന്ത്രാലയത്തിലെത്തി ; ബജറ്റ് അവതരണം രാവിലെ 11 ന് 

ന്യൂഡല്‍ഹി:  രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും. ബജറ്റ് അവതരണത്തിന് മുന്നോടിയായി മന്ത്രി നിര്‍മ്മല സീതാരാമന്‍ ധനമന്ത്രാലയത്തിലെത്തി. രാവിലെ 11 നാണ് നിര്‍മ്മല സീതാരാമന്റെ കന്നി ബജറ്റ് അവതരണം. ബജറ്റ് അവതരണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രാവിലെ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനകളും പൂജകളും നടത്തി. 

സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കി കൊണ്ടുളള നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റില്‍  ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ഷിക പ്രതിസന്ധി മറികടക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും ബജറ്റില്‍ വലിയ നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മധ്യവര്‍ഗത്തെ സന്തോഷപ്പെടുത്തുവാന്‍ നികുതി ഘടനയില്‍ പൊളിച്ചെഴുത്ത് ഉണ്ടാകുമെന്നും സൂചനയുണ്ട്. 

സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന വെല്ലുവിളിയാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് മുന്നിലുള്ളത്. നടപ്പ് വര്‍ഷം ആഭ്യന്തര വളര്‍ച്ച ഏഴ് ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഇത് എട്ട് ശതമാനത്തിലേക്ക് നിലനിര്‍ത്തിയാലേ അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക ശേഷി എന്ന ലക്ഷ്യം കൈവരിക്കാനാകൂവെന്നാണ് സാമ്പത്തിക സര്‍വ്വേ വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തില്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്തുപകരുന്ന നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഇടംപിടിച്ചേക്കും.

കാര്‍ഷിക,തൊഴില്‍ മേഖലകളിലെ പ്രതിസന്ധികള്‍ മറികടക്കാനുള്ള നിര്‍ദേശങ്ങള്‍ക്കായിരിക്കും കൂടുതല്‍ ഊന്നലിന് സാധ്യത. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. വിദേശ, സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കുക, ചെറുകിടഇടത്തരം സംരംഭങ്ങള്‍ പ്രത്സാഹിപ്പിക്കുക എന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാകൂ എന്നാണ് സാമ്പത്തിക സര്‍വ്വേ നിര്‍ദ്ദേശം. 

ഓഹരി വിറ്റഴിക്കല്‍ വഴി 90,000 കോടി രൂപ കണ്ടെത്താനായിരുന്നു പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ നിര്‍ദ്ദേശം. ഈ പരിധി ഒരു ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ത്തിയേക്കും.  എയിംസ് ഉള്‍പ്പടെ നിരവധി ആവശ്യങ്ങള്‍ കേരളം മുന്നോട്ടുവെച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com