മോദി പറഞ്ഞിട്ടും 'അധിക പ്രസംഗങ്ങള്‍ക്ക്' കുറവില്ല; ജയിലിലടച്ച നേതാവിനെ മോചിപ്പിക്കാന്‍ രക്തം ഒഴുക്കുമെന്ന് ബിജെപി എംഎല്‍എ 

 പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ നേതാക്കള്‍ പെരുമാറരുത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി താക്കീത് നല്‍കി ദിവസങ്ങള്‍ക്കകം അതിനെ അവഗണിച്ച് ബിജെപി എംഎല്‍എ
മോദി പറഞ്ഞിട്ടും 'അധിക പ്രസംഗങ്ങള്‍ക്ക്' കുറവില്ല; ജയിലിലടച്ച നേതാവിനെ മോചിപ്പിക്കാന്‍ രക്തം ഒഴുക്കുമെന്ന് ബിജെപി എംഎല്‍എ 

ന്യൂഡല്‍ഹി:  പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ നേതാക്കള്‍ പെരുമാറരുത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി താക്കീത് നല്‍കി ദിവസങ്ങള്‍ക്കകം അതിനെ അവഗണിച്ച് ബിജെപി എംഎല്‍എ. പാര്‍ട്ടി പ്രവര്‍ത്തകനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ വേണ്ടി വന്നാല്‍ ബിജെപി രക്തം വരെ ഒഴുക്കാന്‍ തയ്യാറാകുമെന്ന മധ്യപ്രദേശ് എംഎല്‍എയുടെ വാക്കുകളാണ് വിവാദമാകുന്നത്.

കഴിഞ്ഞദിവസം രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം വിളിച്ചുകൂട്ടിയ ബിജെപിയുടെ ആദ്യ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോദി നേതാക്കള്‍ക്ക് താക്കീത് നല്‍കിയത്. പാര്‍ട്ടിക്ക് ചീത്തപ്പേര് ഉണ്ടാക്കുന്ന തരത്തില്‍ നേതാക്കളുടെ ഭാഗത്ത് നിന്നും ഒരുതരത്തിലുമുളള മോശം പെരുമാറ്റവും ഉണ്ടാകരുത് എന്ന കര്‍ശന നിര്‍ദേശമാണ് മോദി നല്‍കിയത്. ബിജെപി നേതാവ് ആകാശ് വിജയ്വര്‍ഗീയയുടെ മകന്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥനെ ആക്രമിച്ച പശ്ചാത്തലത്തിലായിരുന്നു മോദിയുടെ വാക്കുകള്‍. ഇത്തരത്തിലുളള നേതാക്കള്‍ ആരുടെ മകനായാലും തുടര്‍ന്ന് പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന സൂചനയും മോദി നല്‍കിയിരുന്നു.ഈ താക്കീത് നല്‍കി ദിവസങ്ങള്‍ക്കകമാണ് മോദിയുടെ വാക്കിനെ അവഗണിച്ചു കൊണ്ടുളള എംഎല്‍എയുടെ പ്രസ്താവന.

മധ്യപ്രദേശിലെ അമര്‍പധാന്‍ നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റാംഘേലവാന്‍ പട്ടേലാണ് വിവാദ പ്രസ്താവന നടത്തിയത്. മുഖ്യ മുനിസിപ്പല്‍ ഓഫീസറിനെ ആക്രമിച്ചതിന് ജയിലിലടച്ച ബിജെപി പ്രവര്‍ത്തകന്‍ റാം സുശീല്‍ പട്ടേലിനെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് റാംഘേലവാന്‍ പട്ടേല്‍ വിവാദ പരാമര്‍ശം നടത്തിയത്.  ഒരു പൊതുപരിപാടിക്കിടെയാണ് മോദിയുടെ താക്കീതിനെ വെല്ലുവിളിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയത്.

ബിജെപിക്ക് രക്തം ഒഴുക്കേണ്ടി വന്നാലും റാം സുശീല്‍ പട്ടേലിനെ ജയിലില്‍ നിന്ന് മോചിപ്പിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു. അവന്റെ ജയിലില്‍ നിന്നുളള മോചനത്തിന് വേണ്ടി ഞങ്ങള്‍ രക്തം ഒഴുക്കും- ഇതായിരുന്നു റാംഘേലവാന്‍ പട്ടേലിന്റെ വിവാദ വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com