''ഇതാ അണക്കെട്ടു തകര്‍ത്തവര്‍, അറസ്റ്റ് ചെയ്യൂ''; മന്ത്രി പറഞ്ഞ 'പ്രതികളുമായി' നേതാവ് പൊലീസ് സ്റ്റേഷനില്‍

''ഇതാ അണക്കെട്ടു തകര്‍ത്തവര്‍, അറസ്റ്റ് ചെയ്യൂ''; മന്ത്രി പറഞ്ഞ 'പ്രതികളുമായി' നേതാവ് പൊലീസ് സ്റ്റേഷനില്‍
എഎന്‍ഐ/ട്വിറ്റര്‍
എഎന്‍ഐ/ട്വിറ്റര്‍


താനെ: മഹാരാഷ്ട്രയില്‍ അണക്കെട്ടു തകരാന്‍ കാരണക്കാരെന്നു മന്ത്രി പറഞ്ഞ ഞണ്ടുകളുമായി പൊലീസ് സ്റ്റേഷനിലെത്തി എന്‍സിപി നേതാവ്. അണക്കെട്ടു ദുരന്തത്തിന്റെ ഉത്തരവാദികളെ കൊണ്ടുവന്നിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് എന്‍സിപി നേതാവ് ജിതേന്ദ്ര അഹാദ് സ്റ്റേഷനില്‍ എത്തിയത്. 

ജലസേചന മന്ത്രി തനാജി സാവന്ത് ആണ് തിവാരി അണക്കെട്ടു തകരാന്‍ കാരണം ഞണ്ടുകളാണെന്ന വിചിത്രവാദവുമായി രംഗത്തുവന്നത്. രത്‌നഗിരി ജില്ലയിലുള്ള തിവാരി അണക്കെട്ടില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് ഡാം തകര്‍ന്ന് 14 പേരാണ് മരിച്ചത്. ഈ അണക്കെട്ടിന് ചുറ്റും വളരെയധികം ഞണ്ടുകളുണ്ടെന്നും അവ കാരണമാണ് അണക്കെട്ടില്‍ വിള്ളലും ചോര്‍ച്ചയുമുണ്ടായതെന്നുമാണ് മന്ത്രിയുടെ കണ്ടെത്തല്‍.

നേരത്തെ ഇവിടെ ചോര്‍ച്ച ഉണ്ടായിരുന്നില്ല. ഞണ്ടുകളുടെ കേന്ദ്രമായി മാറിയതിന് ശേഷമാണ് അണക്കെട്ടില്‍ ചോര്‍ച്ചയുണ്ടായത്. നാട്ടുകാര്‍ ഇക്കാര്യം തങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വകുപ്പ് നടപടിയെടുക്കുകയും ചെയ്തിരുന്നുവെന്നും മന്ത്രി പറഞ്ഞു. 

നിര്‍മാണം മോശമായതിനെ തുടര്‍ന്നാണോ അപകടമുണ്ടായതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സമീപവാസികളില്‍ നിന്ന് തനിക്ക് അങ്ങനൊരു വിവരം കിട്ടിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

മന്ത്രിയുടെ വാദത്തില്‍ പ്രതിഷേധിച്ചാണ് എന്‍സിപി നേതാവ് അനുയായികളോടൊപ്പം പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. ഇതാ അണക്കെട്ടു തകര്‍ത്തവര്‍. അറസ്റ്റ് ചെയ്യൂ എന്ന് ആവശ്യപ്പെട്ടാണ് ജിതേന്ദ്ര ആഹാദ് സ്റ്റേഷനില്‍ എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com