എന്തുകൊണ്ട് രാജ്യത്തിന് വലിയ സ്വപ്‌നങ്ങള്‍ പാടില്ല ? ; '5 ട്രില്യൺ  സമ്പദ്‌വ്യവസ്ഥ'യില്‍ സംശയമുന്നയിക്കുന്നവര്‍ ദോഷൈകദൃക്കുകളെന്ന് പ്രധാനമന്ത്രി

രാജ്യം വളരുന്നതിന് അനുസരിച്ച്, ഇന്ത്യാക്കാരനും ആനുപാതികമായ നേട്ടം ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
എന്തുകൊണ്ട് രാജ്യത്തിന് വലിയ സ്വപ്‌നങ്ങള്‍ പാടില്ല ? ; '5 ട്രില്യൺ  സമ്പദ്‌വ്യവസ്ഥ'യില്‍ സംശയമുന്നയിക്കുന്നവര്‍ ദോഷൈകദൃക്കുകളെന്ന് പ്രധാനമന്ത്രി

വാരാണസി : കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ പറഞ്ഞ അഞ്ച് ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തെക്കുറിച്ച് സംശയമുന്നയിക്കുന്നവര്‍ പ്രൊഫഷണല്‍ ദോഷൈകദൃക്കുകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് സാധ്യമാകുമോ, ഇത് കഠിനമല്ലേ എന്നെല്ലാമാണ് ഒരു കൂട്ടര്‍ ആശങ്കപ്പെടുന്നത്. രാജ്യത്തെ ജനങ്ങളുടെ ശേഷിയെ വിശ്വാസമില്ലാത്തവരാണ് അവര്‍. അടുത്ത അഞ്ചു വര്‍ഷത്തിനകം ഈ നേട്ടം കൈവരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച ഈ ലക്ഷ്യം കൈവരിക്കുന്നതോടെ രാജ്യത്തെ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഇന്നുകാണുന്ന വികസിത രാജ്യങ്ങളും സമ്പദ് ഘടനയുടെ വളര്‍ച്ചാസമയത്ത് കടുത്ത വെല്ലുവിളികളാണ് നേരിട്ടിരുന്നത്. രാജ്യം വളരുന്നതിന് അനുസരിച്ച്, ഇന്ത്യാക്കാരനും ആനുപാതികമായ നേട്ടം ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വലിയ കേക്ക് ആണെങ്കിലേ, എല്ലാവര്‍ക്കുമായി മുറിക്കുമ്പോള്‍ വലിയ കഷണം നമുക്ക് ലഭിക്കൂ എന്നും പ്രധാനമന്ത്രി പറഞ്ഞു. 

വെല്ലുവിളികളെ ഭയക്കാത്തവന് മുന്നില്‍ അവസരങ്ങളുണ്ട്. അഞ്ച് ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം രാജ്യത്തിന് എങ്ങനെ നേടാം എന്നതിലേക്കുള്ള ചൂണ്ടുപലകയാണ് കേന്ദ്രബജറ്റെന്നും പ്രധാനമന്ത്രി പറഞ്ഞു. വാരാണസിയില്‍ ബിജെപി മെമ്പര്‍ഷിപ്പ് ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

ശുദ്ധജല ഉപയോഗം സൂക്ഷ്മതയോടെ വേണമെന്ന് പ്രധാനമന്ത്രി ഉപദേശിച്ചു. വെള്ളം പാഴാക്കുന്നതും, ശുദ്ധജലം അലക്ഷ്യമായി പാഴാക്കുന്നതും രാജ്യം നേരിടുന്ന വലിയ പ്രശ്‌നമാണ്. വീടുകളിലായാലും ജലസേചനത്തിനായാലും വെള്ളം പാഴാക്കുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. യുപിയിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ രാം നായിക്, ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ, കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാണ്ഡെ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com