'തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു': യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ രാജിവെച്ചു

ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃതലത്തില്‍ നടക്കുന്ന രാജിപരമ്പര തുടരുന്നു
'തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു': യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃതലത്തില്‍ നടക്കുന്ന രാജിപരമ്പര തുടരുന്നു. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ രാജിവെച്ചതാണ് ഒടുവിലത്തേത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ കേശവ് ചന്ദ് യാദവ് രാജിക്കത്ത് കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് കേശവ് ചന്ദ് യാദവ് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷ സ്ഥാനം രാജിവെച്ചത്. കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ച രാജിക്കത്ത് ഏറെ ചര്‍ച്ചയായിരുന്നു. അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുലിന്റെ തീരുമാനത്തെ ഒരുവിഭാഗം അനുകൂലിക്കുമ്പോള്‍ മറുവിഭാഗം രാഹുലിന്റെ തീരുമാനം എഐസിസി അംഗീകരിച്ചിട്ടില്ല എന്നാണ് വാദിക്കുന്നത്.

രാഹുല്‍ നേതൃപദവിയില്‍ തുടരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നേതൃപദവി വഹിച്ചിരുന്ന ഒട്ടേറെ നേതാക്കള്‍ രാജിവെച്ചിരുന്നു. എഐസിസി സെക്രട്ടറിമാരും രാജിവെച്ചവരില്‍ ഉള്‍പ്പെടുന്നു. ഡല്‍ഹിയിലെ 280 ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിട്ടതും, ഉത്തര്‍പ്രദേശില്‍ ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിട്ടതും വലിയ വാര്‍ത്തയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com