രാജിവെച്ച എംഎല്‍എമാരെ മന്ത്രിമാരാക്കാമെന്ന് ബിജെപി വാഗ്ദാനം ; അനുനയ ശ്രമവുമായി കോണ്‍ഗ്രസ്; കര്‍ണാടകയില്‍  നിര്‍ണായക നീക്കങ്ങള്‍

പ്രതിസന്ധി പരിഹരിക്കുന്നതിനായി കോണ്‍ഗ്രസും ജനതാദള്‍ എസും അടിയന്തര യോഗങ്ങള്‍ വിളിച്ചിട്ടുണ്ട്
രാജിവെച്ച എംഎല്‍എമാരെ മന്ത്രിമാരാക്കാമെന്ന് ബിജെപി വാഗ്ദാനം ; അനുനയ ശ്രമവുമായി കോണ്‍ഗ്രസ്; കര്‍ണാടകയില്‍  നിര്‍ണായക നീക്കങ്ങള്‍

ബംഗലൂരു : സംസ്ഥാനത്തെ 13 ഭരണകക്ഷി എംഎല്‍എമാര്‍ അപ്രതീക്ഷിതമായി രാജിവെച്ചതോടെ കര്‍ണാടകയില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. രാജിവെച്ച 10 എംഎല്‍എമാര്‍ മുംബൈയിലും മൂന്നുപേര്‍ ബംഗലൂരുവിലുമാണ് ഇപ്പോഴുള്ളത്. ഇന്നലെ വൈകീട്ടാണ് രാജിവെച്ച 10 എംഎല്‍എമാര്‍ മുംബൈയിലെ ഹോട്ടലിലേക്ക് മാറിയത്. എംഎല്‍എമാരുടെ രാജിക്ക് പിന്നില്‍ തങ്ങളല്ലെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിലാണ് ഇവര്‍ മുംബൈയ്ക്ക് പോയതെന്ന് വ്യക്തമായിരുന്നു.

അതേസമയം കര്‍ണാടകയില്‍ അധികാരം പിടിക്കുക ലക്ഷ്യമിട്ട് രാജിവെച്ച എംഎല്‍എമാര്‍ക്കെല്ലാം ബിജെപി മന്ത്രിപദവി വാഗ്ദാനം ചെയ്തിട്ടുണ്ട്. മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ രാജിവെച്ച എംഎല്‍എമാരില്‍ മിക്കവരും അതൃപ്തിയിലാണ്. ഇതുകൂടി കണക്കിലെടുത്താണ് ബിജെപി വാഗ്ദാനം. എന്നാല്‍ ഇപ്പോള്‍ തിരക്കുപിടിച്ച് നടപടി വേണ്ടെന്നും, എംഎല്‍എമാരുടെ അന്തിമ നിലപാട് വരെ കാത്തിരിക്കാമെന്നുമാണ് ബിജെപിയില്‍ ഉണ്ടായിട്ടുള്ള അഭിപ്രായം. 12 ന് നിയമസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനും ബിജെപി ആലോചിക്കുന്നുണ്ട്. 

എന്നാല്‍ ഏതുവിധേനയും കുമാരസ്വാമി സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, മന്ത്രി ഡി കെ ശിവകുമാര്‍, മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവരാണ് അനുനയനീക്കം നടത്തുന്നത്. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയേയും ബംഗലൂരുവിലേക്ക് വിളിച്ചിട്ടുണ്ട്. മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡി അടക്കം അഞ്ചോളം എംഎല്‍എമാരുമായാണ് കോണ്‍ഗ്രസ് നേതൃത്വം ബന്ധപ്പെടുന്നത്. ഇവരുടെ രാജി പിന്‍വലിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. 

മന്ത്രിപദവി വേണമെന്നാണ് എംഎല്‍എമാരില്‍ മിക്കവരുടെയും ആവശ്യം. മുതിര്‍ന്ന നേതാവ് രാമലിംഗറെഡ്ഡി ആവശ്യപ്പെട്ട ബംഗലൂരു നഗരവികസന വകുപ്പ് നല്‍കി അദ്ദേഹത്തെ അനുനയിപ്പിക്കുന്നതും കോണ്‍ഗ്രസിന്റെ ആലോചനയിലുണ്ട്. എന്നാല്‍ എല്ലാ എംഎല്‍എമാര്‍ക്കും മന്ത്രി പദവി നല്‍കാനാവില്ലെന്നും, ഇത്തരം ബ്ലാക്ക് മെയില്‍ അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. മാത്രമല്ല ഭാവിയില്‍ ഇത് കൂടുതല്‍ എംഎല്‍എമാര്‍ ഇത്തരത്തില്‍ രംഗത്തുവരാന്‍ ഇടയാക്കുമെന്നും കോണ്‍ഗ്രസ് ഭയക്കുന്നു. 

ഏതാനും എംഎല്‍എമാര്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചിലര്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും പിന്തുണക്കുന്നുണ്ട്. എന്നാല്‍ കുമാരസ്വാമിയെ മാറ്റുന്നതിനോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അനുകൂല നിലപാടല്ലെന്നാണ് സൂചന. പ്രതിസന്ധി പരിഹരിക്കുന്നതിനായി കോണ്‍ഗ്രസും ജനതാദള്‍ എസും അടിയന്തര യോഗങ്ങള്‍ വിളിച്ചിട്ടുണ്ട്. അമേരിക്കയിലുള്ള മുഖ്യമന്ത്രി കുമാരസ്വാമി ഇന്ന് ബംഗലൂരുവില്‍ തിര്‌ച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com