വസ്ത്രം അലക്കാന്‍ വെള്ളമില്ല: തൊഴില്‍ നിര്‍ത്താനൊരുങ്ങി ചെന്നൈയിലെ അലക്കുതൊഴിലാളികള്‍, ദുരിതം

നേരത്തെ 150 തുണി വരെ കഴുകിയിരുന്ന ഇവര്‍ക്ക് ഇപ്പോള്‍ അതില്‍ പകുതി പോലും കഴുകാനുള്ള വെള്ളം കിട്ടുന്നില്ല. 
വസ്ത്രം അലക്കാന്‍ വെള്ളമില്ല: തൊഴില്‍ നിര്‍ത്താനൊരുങ്ങി ചെന്നൈയിലെ അലക്കുതൊഴിലാളികള്‍, ദുരിതം

ചെന്നൈ: ചെന്നൈ നഗരത്തില്‍ ജലക്ഷാമം രൂക്ഷമായി തന്നെ തുടരുകയാണ്. ഇടയ്ക്ക് ലഭിച്ച മഴ ജലക്ഷാമത്തില്‍ വലിയ മാറ്റമൊന്നും ഉണ്ടാക്കിയിട്ടില്ല എന്നാണ് വിലയിരുത്തല്‍. ഇതിനിടെ തൊഴില്‍ തന്നെ ഭീഷണിയിലായ അവസ്ഥയിലാണ് നഗരത്തിലെ അലക്ക് തൊഴിലാളികള്‍.

ആവശ്യത്തിന് വെള്ളം ലഭിക്കാതായതോടെ പാരമ്പര്യമായി ചെയ്ത് വന്നിരുന്ന തൊഴില്‍ ഉപേക്ഷിക്കേണ്ട ഗതികേടിലാണിവര്‍. നേരത്തെ 150 തുണി വരെ കഴുകിയിരുന്ന ഇവര്‍ക്ക് ഇപ്പോള്‍ അതില്‍ പകുതി പോലും കഴുകാനുള്ള വെള്ളം കിട്ടുന്നില്ല. 

ഒരു കിടക്കവിരിക്ക് 20 രൂപയാണ് ഇവര്‍ വാങ്ങുന്നത്. അപ്പോള്‍ തുണിയുടെ എണ്ണം കുറയുമ്പോള്‍ വരുമാനവും കുറയും. പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കുമൊക്കെ വെള്ളത്തിനായി കാത്തിരിക്കുന്നത് കൊണ്ട് രാത്രി ഉറക്കം പോലുമില്ലെന്നും അലക്കുതൊഴിലാളികള്‍ പറയുന്നു. 

തലമുറകളായി ഈ ജോലിയാണ് ചെയ്യുന്നതെന്നും മറ്റൊരു പണിയും അറിയില്ലെന്നും പറയുകയാണ് ദുരിതത്തിലായ ചെന്നൈയിലെ അലക്കുതൊഴിലാളികള്‍. കുഴല്‍ക്കിണറും ആകെ ആശ്രയമായിരുന്ന മെട്രോ ജലവും നിലച്ചതോടെയാണ് ഇവരുടെ ഉപജീവനം വഴിമുട്ടിത്തുടങ്ങിയത്. 

144 അലക്കുതൊഴിലാളികള്‍ ദിനം പ്രതി ജോലി ചെയ്തിരുന്ന ചേറ്റ്‌പേട്ടില്‍ ഇപ്പോളുള്ളത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്. അലക്കി കൊടുത്തിരുന്ന തുണികളുടെ എണ്ണവും പകുതിയലധികമായി കുറഞ്ഞു. വില ഇരട്ടിയാണെങ്കിലും സ്വകാര്യ വാട്ടര്‍ ടാങ്കറുകളാണ് ഏക ആശ്രയം. എന്നാല്‍, തുച്ഛമായ വരുമാനത്തിനിടെ വെള്ളം വാങ്ങുന്നത് ഇവര്‍ക്ക് നഷ്ടമാണ്. ഇതുകൊണ്ട് മറ്റൊരു തൊഴില്‍ തേടുകയാണ് ചെന്നൈയിലെ അലക്ക് തൊഴിലാളികള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com