സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താന്‍ മറുതന്ത്രവുമായി കോണ്‍ഗ്രസ് ; വിമതര്‍ക്ക് മന്ത്രിപദവി വാഗ്ദാനം ; നിര്‍ണായക ചര്‍ച്ചകള്‍

മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ഏതാനും മന്ത്രിമാര്‍ രാജിസന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്
സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താന്‍ മറുതന്ത്രവുമായി കോണ്‍ഗ്രസ് ; വിമതര്‍ക്ക് മന്ത്രിപദവി വാഗ്ദാനം ; നിര്‍ണായക ചര്‍ച്ചകള്‍


ബംഗലൂരു : സംസ്ഥാനത്തെ 13 ഭരണകക്ഷി എംഎല്‍എമാര്‍ അപ്രതീക്ഷിതമായി രാജിവെച്ചതോടെ കര്‍ണാടകയില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് പാളയത്തില്‍ സജീവമാണ്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ഏതാനും മന്ത്രിമാര്‍ രാജിസന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കെജെ ജോര്‍ജ്, കൃഷ്ണഭൈര ഗൗഡ, യുടി ഖാദര്‍, പ്രിയങ്ക ഖാര്‍ഗെ തുടങ്ങിയ മന്ത്രിമാരാണ് കോണ്‍ഗ്രസ് നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചത്. ജെഡിഎസിലെ സാര മഹേഷും രാജിവെക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. 

വിമതരായ 10 എംഎല്‍എമാരെ മന്ത്രിമാരാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസിന്റെ നിര്‍ദേശം വിമതനീക്കത്തിന് ചുക്കാന്‍ പിടിക്കുന്ന രമേശ് ജാര്‍ക്കിഹോളിയെ അറിയിച്ചതായി സൂചനയുണ്ട്. രാജി പ്രഖ്യാപിച്ച മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡിയെയും കോണ്‍ഗ്രസ് വാഗ്ദാനം അറിയിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നിര്‍ദേശത്തോട് വിമത എംഎല്‍എമാരുടെ പ്രതികരണം അറിവായിട്ടില്ല.

വിദേശത്തുള്ള മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തിയശേഷം മാത്രമാകും മന്ത്രിമാരുടെ രാജി അടക്കമുള്ള കാര്യത്തില്‍ നിര്‍ണായ തീരുമാനം ഉണ്ടാകൂ. അതേസമയം കര്‍ണാടകയിലെ പ്രശ്‌നങ്ങള്‍ കൈവിട്ടുപോയിട്ടില്ലെന്നും, പരിഹരിക്കാന്‍ എല്ലാ സാധ്യതകളും തേടി വരികയാണെന്നും കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കോണ്‍ഗ്രസ് നേതൃത്വം ബംഗലൂരുവിലേക്ക് വിളിച്ചു വരുത്തിയിരുന്നു. 

അതിനിടെ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാര്‍ ജെഡിഎസ് ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയുമായി ചര്‍ച്ച നടത്തി. ജെഡിഎസ് നേതാക്കളായ എച്ച് ഡി രേവണ്ണ, ഡി കുപേന്ദ്രറെഡ്ഡി, എച്ച് കെ കുമാരസ്വാമി, ഡിസി തമ്മണ്ണ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്ന് വൈകീട്ട് ജെഡിഎസ് എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com