കര്‍ണാടകയില്‍ വിമതരെ അനുനയിപ്പിക്കാന്‍ നീക്കം സജീവം ; കുമാരസ്വാമി മുന്‍മന്ത്രി രാമലിംഗറെഡ്ഡിയെ കണ്ടു ; വേണ്ടിവന്നാല്‍ എല്ലാ മന്ത്രിമാരും രാജിവെക്കുമെന്ന് കോണ്‍ഗ്രസ്

ഉപമുഖ്യമന്ത്രി പരമേശ്വരയും രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിനെ നിലനിര്‍ത്താന്‍ എന്തും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു
കര്‍ണാടകയില്‍ വിമതരെ അനുനയിപ്പിക്കാന്‍ നീക്കം സജീവം ; കുമാരസ്വാമി മുന്‍മന്ത്രി രാമലിംഗറെഡ്ഡിയെ കണ്ടു ; വേണ്ടിവന്നാല്‍ എല്ലാ മന്ത്രിമാരും രാജിവെക്കുമെന്ന് കോണ്‍ഗ്രസ്

ബംഗലൂരു : കര്‍ണാടകയില്‍ വിമത എംഎല്‍മാര്‍ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ നീക്കം തുടരുന്നു. വിദേശത്തുനിന്നെത്തിയ മുഖ്യമന്ത്രി കുമാരസ്വാമിയാണ് അനുനയ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇടഞ്ഞുനില്‍ക്കുന്ന മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡിയുമായി മുഖ്യമന്ത്രി കുമാരസ്വാമി കൂടിക്കാഴ്ച രഹസ്യകേന്ദ്രത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. 

രാജിതീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്ന് കുമാരസ്വാമി ആവശ്യപ്പെട്ടു. അദ്ദേഹത്തിന് മന്ത്രിസ്ഥാനം കുമാരസ്വാമി ഉറപ്പുനല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. റെഡ്ഡിയുടെ അനുയായികളായ വിമത എംഎല്‍എമാരെ രാജി തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. 

മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വിമതര്‍ മുന്‍നിലപാടില്‍ നിന്നും അയയുന്നതായി റിപ്പോര്‍ട്ടുണ്ട്. വിമത എംഎല്‍എമാര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിലേക്ക് പോകുന്നില്ലെന്ന് രാമലിംഗറെഡ്ഡി തീരുമാനിച്ചതായാണ് സൂചന. വിമതരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി രാമലിംഗറെഡ്ഡിക്ക് ഉപമുഖ്യമന്ത്രി പദം നല്‍കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ചര്‍ച്ച നടന്നിരുന്നു. 

സിദ്ധരാമയ്യ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന രാമലിംഗറെഡ്ഡിയെ, കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിലേക്ക് പരിഗണിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു രാമലിംഗറെഡ്ഡി. ഇദ്ദേഹത്തിന്റെ മകളും രാജിവെച്ച എംഎല്‍എമാരുടെ കൂട്ടത്തില്‍പ്പെടുന്നു. 

അതിനിടെ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് മന്ത്രിമാര്‍ ഇന്ന് നിര്‍ണായക യോഗം ചേരും. ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ വീട്ടില്‍ വച്ചാണ് യോഗം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പങ്കെടുക്കും. വിമതരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍, നിലവിലെ മന്ത്രിമാരില്‍ ചിലരോട് കോണ്‍ഗ്രസ് രാജി ആവശ്യപ്പെടുമെന്ന് അഭ്യൂഹമുണ്ട്.

രാമലിംഗ റെഡ്ഡി, എസ് ടി സോമശേഖര്‍, ബി സി പാട്ടീല്‍ എന്നിവര്‍ക്ക് മന്ത്രിപദവി നല്‍കാനാണ് നീക്കം. വിമതരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയ്യാറെന്ന് കുമാരസ്വാമി കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതായാണ് സൂചന.ഉപമുഖ്യമന്ത്രി പരമേശ്വരയും രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിനെ നിലനിര്‍ത്താന്‍ എന്തും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വേണ്ടി വന്നാല്‍ പാര്‍ട്ടിയുടെ എല്ലാ മന്ത്രിമാരും രാജിവെക്കുമെന്ന് കോണ്‍ഗ്രസ് സൂചിപ്പിച്ചു.

നാളെ സ്പീക്കര്‍ രാജിക്കത്ത് പരിഗണിക്കുന്നതിന് മുമ്പ് പരിഹാര ഫോര്‍മുല ഉണ്ടാക്കാനാണ് ശ്രമം. രാജി പിന്‍വലിക്കില്ലെന്നും നാളെ നടക്കുന്ന നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്നും വിമത എംഎല്‍എമാര്‍ വ്യക്തമാക്കിയിരുന്നു. അതേ സമയം ബിജെപിയുടെ നിയമസഭാ കക്ഷി യോഗം ഇന്ന് വൈകീട്ട് പാര്‍ട്ടി ആസ്ഥാനത്ത് ചേരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com