'മുസ്ലിം സ്ത്രീകള്‍ വരട്ടെ, അപ്പോള്‍ നോക്കാം'; പള്ളികളില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടുള്ള ഹിന്ദു മഹാസഭയുടെ ഹര്‍ജി തള്ളി

മുസ്ലിം സ്ത്രീകളെ ആരാധനയ്ക്കായി പള്ളികളില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവിടണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി
'മുസ്ലിം സ്ത്രീകള്‍ വരട്ടെ, അപ്പോള്‍ നോക്കാം'; പള്ളികളില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടുള്ള ഹിന്ദു മഹാസഭയുടെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: മുസ്ലിം സ്ത്രീകളെ ആരാധനയ്ക്കായി പള്ളികളില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവിടണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി. ഹിന്ദു മഹാ സഭ കേരള ഘടകമാണ് ഹര്‍ജിയുമായി സുപ്രിം കോടതിയില്‍ എത്തിയത്. ഇത്തരമൊരു ആവശ്യവുമായി മുസ്ലിം സ്ത്രീകള്‍ വരുമ്പോള്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.

മുസ്ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹിന്ദു മഹാസഭ സുപ്രിം കോടതിയെ സമീപിച്ചത്. ഇത്തരമൊരു ആവശ്യം മുസ്ലിം സ്ത്രീകള്‍ മുന്നോട്ടുവച്ചാല്‍ പരിഗണിക്കാമെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് അറിയിച്ചു. 

പൊതുവിടങ്ങളില്‍ മുഖം മറയ്ക്കുന്ന പര്‍ദയുടെ ഉപയോഗം വിലക്കണമെന്നും അഖില ഭാരതീയ ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപ് നാഥ് നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

മുസ്‌ലിം പള്ളികളില്‍ സ്ത്രീകള്‍ക്കും ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള മറ്റൊരു ഹര്‍ജി നിലവില്‍ സുപ്രിംകോടതിയുടെ പരിഗണിയിലുണ്ട്. മഹാരാഷ്ട്രാ സ്വദേശികളായ മുസ്ലിം ദമ്പതികള്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. ശബരിമല കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ മാത്രമാണ് ഈ ഹര്‍ജി കേള്‍ക്കാന്‍ തീരുമാനിക്കുന്നതെന്നും അന്ന് സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

മുസ്‌ലിം പള്ളികളില്‍ വനിതകളെ പ്രവേശിക്കുന്നത് വിലക്കുന്നത് ഭരണഘടനയുടെ 14, 15, 21, 25, 29 വകുപ്പുകളുടെ ലംഘനമാണെ്‌നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വ്യക്തി നിയമങ്ങളില്‍ നിലനില്‍ക്കുന്ന അന്തരം ഒഴിവാക്കി ഏക സിവില്‍ നിയമം ഉറപ്പാക്കണമെന്ന ഭരണഘടനയുടെ 44 അനുച്ഛേദത്തിന്റെ ലംഘനമാണ് വിലക്ക് എന്നും ഹര്‍ജിക്കാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com