എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയി, കുടുംബവുമായി സംസാരിക്കാന്‍ അനുവദിക്കുന്നില്ല, ഗണ്‍പോയിന്റില്‍ നിരീക്ഷണത്തില്‍; ബിജെപിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് 

എംഎല്‍എമാരെ ഗണ്‍പോയിന്റില്‍ നിര്‍ത്തിയിരിക്കുകയാണെന്നും സമീര്‍ അഹ്മദ്
എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയി, കുടുംബവുമായി സംസാരിക്കാന്‍ അനുവദിക്കുന്നില്ല, ഗണ്‍പോയിന്റില്‍ നിരീക്ഷണത്തില്‍; ബിജെപിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് 

ബംഗലൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസര്‍ക്കാറിന്റെ ഭാവി തുലാസ്സില്‍ നില്‍ക്കവേ, ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്. തങ്ങളുടെ എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്ന് സമീര്‍ അഹ്മദ് ആരോപിച്ചു. നിലവില്‍  എംഎല്‍എമാരെ ഗണ്‍പോയിന്റില്‍ നിര്‍ത്തിയിരിക്കുകയാണെന്നും സമീര്‍ അഹ്മദ് മാധ്യമങ്ങളോട് പറഞ്ഞു.

തട്ടിക്കൊണ്ടുപോയ എംഎല്‍എമാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. കുടുംബാംഗങ്ങളുമായിട്ട് പോലും സംസാരിക്കാന്‍ അവരെ ബിജെപി അനുവദിക്കുന്നില്ല. ഓരോരുത്തരെയും നിരീക്ഷിക്കാന്‍ നാലഞ്ചുപേരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇവരെ മോചിപ്പിച്ചാല്‍ , ഇവര്‍ തങ്ങളുടെ അരികിലേക്ക് മടങ്ങി വരുമെന്നും സമീര്‍ അഹ്മദ് പറഞ്ഞു.

ഇതിനിടെ, കര്‍ണാടകയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ അടിയന്തര ഇടപെടല്‍ തേടി ബിജെപി ഉന്നതതല പ്രതിനിധി സംഘം നാളെ ഗവര്‍ണറെ കാണുമെന്ന് പാര്‍ട്ടി നേതാവ് അരവിന്ദ് ലിംബവാലി പറഞ്ഞു. നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് ഗവര്‍ണറുമായി നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും ലിംബവാലി മാധ്യമങ്ങളോട് പറഞ്ഞു.

ഇതിന് പുറമേ, ഗവര്‍ണറുമായുളള കൂടിക്കാഴ്ചയ്ക്ക് മുന്‍പ് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക വിധാന്‍ സൗധയ്ക്ക് മുന്നില്‍ ബിജെപി എംഎല്‍എമാരെ അണിനിരത്തി പ്രതിഷേധധര്‍ണ സംഘടിപ്പിക്കുമെന്നും അരവിന്ദ് ലിംബവാലി പറഞ്ഞു. അതേസമയം സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താനുളള സാധ്യതകള്‍ തേടി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ യോഗം തുടരുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഗുലാം നബി ആസാദ്, സിദ്ധരാമയ്യ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വിമതരെ തിരിച്ചുകൊണ്ടുവരുന്നതിന് സ്വീകരിക്കേണ്ട തന്ത്രപരമായ മാര്‍ഗങ്ങളെ കുറിച്ചെല്ലാം യോഗത്തില്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

 രാജിക്കത്ത് നല്‍കിയ എംഎല്‍എമാരില്‍ ആരും തന്നെ നേരില്‍ വന്നു കണ്ടില്ലെന്ന് സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
 ഇക്കാര്യം വ്യക്തമാക്കി ഗവര്‍ണര്‍ക്കു കത്തു നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു.പതിമൂന്നു പേരാണ് രാജിക്കത്ത് നല്‍കിയിട്ടുള്ളത്. ഇതില്‍ എട്ടു പേരുടെ രാജി നിയമപ്രകാരമല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. നേരില്‍ വന്നു രാജി സമര്‍പ്പിക്കാന്‍ എംഎല്‍എമാര്‍ക്കു സമയം നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. 

എംഎല്‍എമാരുടെ രാജിയെത്തുടര്‍ന്ന് കോണ്‍ഗ്രസ്ജനതാദള്‍ എസ് സര്‍ക്കാരിന്റെ ഭാവി തുലാസിലായിരിക്കെയാണ്, സര്‍ക്കാരിന് ആയുസ് നീട്ടി നല്‍കുന്ന സ്പീക്കറുടെ നിലപാട്. രാജി നല്‍കാനായി എംഎല്‍എമാര്‍ സ്പീക്കറുടെ ഓഫിസില്‍ നേരിട്ട് എത്തിയെങ്കിലും അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല. തുടര്‍ന്ന് എംഎല്‍എമാര്‍ രാജിക്കത്ത് സ്പീക്കറുടെ സെക്രട്ടറിയെ ഏല്‍പ്പിച്ചു മടങ്ങുകയായിരുന്നു. രാജി ചട്ടങ്ങള്‍ക്ക് അനുസരിച്ചല്ലെന്ന സ്പീക്കറുടെ നിലപാടോടെ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിന് കൂടുതല്‍ സമയം കിട്ടുമെന്നാണ് കരുതുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com