എംഎല്‍എമാര്‍ നേരില്‍ വരട്ടെ; എട്ടു പേരുടെ രാജി ചട്ടപ്രകാരം അല്ലെന്ന് സ്പീക്കര്‍ 

കര്‍ണാടകയില്‍ രാജിക്കത്ത് നല്‍കിയ എംഎല്‍എമാരില്‍ ആരും തന്നെ നേരില്‍ വന്നു കണ്ടില്ലെന്ന് സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍
സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍/എഎന്‍ഐ, ട്വിറ്റര്‍
സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍/എഎന്‍ഐ, ട്വിറ്റര്‍

ബംഗളൂരു: കര്‍ണാടകയില്‍ രാജിക്കത്ത് നല്‍കിയ എംഎല്‍എമാരില്‍ ആരും തന്നെ നേരില്‍ വന്നു കണ്ടില്ലെന്ന് സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍. ഇക്കാര്യം വ്യക്തമാക്കി ഗവര്‍ണര്‍ക്കു കത്തു നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു.

പതിമൂന്നു പേരാണ് രാജിക്കത്ത് നല്‍കിയിട്ടുള്ളത്. ഇതില്‍ എട്ടു പേരുടെ രാജി നിയമപ്രകാരമല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. നേരില്‍ വന്നു രാജി സമര്‍പ്പിക്കാന്‍ എംഎല്‍എമാര്‍ക്കു സമയം നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. 

എംഎല്‍എമാരുടെ രാജിയെത്തുടര്‍ന്ന് കോണ്‍ഗ്രസ്-ജനതാദള്‍ എസ് സര്‍ക്കാരിന്റെ ഭാവി തുലാസിലായിരിക്കെയാണ്, സര്‍ക്കാരിന് ആയുസ് നീട്ടി നല്‍കുന്ന സ്പീക്കറുടെ നിലപാട്. രാജി നല്‍കാനായി എംഎല്‍എമാര്‍ സ്പീക്കറുടെ ഓഫിസില്‍ നേരിട്ട് എത്തിയെങ്കിലും അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല. തുടര്‍ന്ന് എംഎല്‍എമാര്‍ രാജിക്കത്ത് സ്പീക്കറുടെ സെക്രട്ടറിയെ ഏല്‍പ്പിച്ചു മടങ്ങുകയായിരുന്നു. 

രാജി ചട്ടങ്ങള്‍ക്ക് അനുസരിച്ചല്ലെന്ന സ്പീക്കറുടെ നിലപാടോടെ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിന് കൂടുതല്‍ സമയം കിട്ടുമെന്നാണ് കരുതുന്നത്. രാജി നേരിട്ടു നല്‍കാന്‍ മുംബൈയിലുള്ള എംഎല്‍എമാര്‍ ബംഗളൂരുവില്‍ വരേണ്ടിവരും. കോണ്‍ഗ്രസ്, ദള്‍ നേതൃത്വത്തിന് അനുനയശ്രമങ്ങള്‍ക്ക് അവസരമൊരുക്കുന്നതിനു വേണ്ടിയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. വിമതരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ ഇന്നലെ മുംബൈയില്‍ എത്തിയിരുന്നെങ്കിലും കാണാനായിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com