വിമതരെ മെരുക്കാനാവാതെ കോണ്‍ഗ്രസിലെ 'ചാണക്യന്‍' ; ഡി കെ ശിവകുമാര്‍ മുംബൈയിലെത്തിയതോടെ എംഎല്‍എമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി

ശിവകുമാര്‍ മുംബൈയും ഗോവയും ഡല്‍ഹിയുമെല്ലാം സന്ദര്‍ശിച്ച് മടങ്ങിയെത്തുമ്പോള്‍ പ്രശ്‌നമെല്ലാം തീരുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ
വിമതരെ മെരുക്കാനാവാതെ കോണ്‍ഗ്രസിലെ 'ചാണക്യന്‍' ; ഡി കെ ശിവകുമാര്‍ മുംബൈയിലെത്തിയതോടെ എംഎല്‍എമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി

ബംഗലൂരു : കര്‍ണാടകയിലെ സഖ്യകക്ഷിസര്‍ക്കാര്‍ രാഷ്ട്രീയപ്രതിസന്ധി നേരിടുന്നതിനിടെ, പ്രശ്‌നപരിഹാരത്തിന് വ്യക്തമായ വഴികാണാനാകാതെ കോണ്‍ഗ്രസും ജെഡിഎസും. കോണ്‍ഗ്രസ് എംഎല്‍എമാരെ വരുതിയില്‍ നിര്‍ത്തി സഖ്യസര്‍ക്കാരിനെ കാത്ത തന്ത്രജ്ഞന്‍ ഡി കെ ശിവകുമാറിനും ഇത്തവണ ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ്. വിമത എംഎല്‍എമാരെ രാജിതീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാനായി കര്‍ണാടക മന്ത്രി കൂടിയായ ശിവകുമാര്‍ മുംബൈക്ക് തിരിച്ചതോടെ, വിമത എംഎല്‍എമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി.

ഇതോടെ വിമതരുമായി കൂടിക്കാഴ്ച നടത്താനുള്ള ശിവകുമാറിന്റെ തന്ത്രം പാളി. രാജിവെച്ച വിമതരെയെല്ലാം മന്ത്രിമാരാക്കാമെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ മുന്നോട്ടുവെച്ചിട്ടുള്ള വാഗ്ദാനം. എന്നാല്‍ ഈ നിര്‍ദേശങ്ങളോട് വിമതരുടെ ഭാഗത്തുനിന്നും അനുകൂല നിലപാട് ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാഷ്ട്രീയ ചാണക്യനായ ശിവകുമാര്‍ മുംബൈയും ഗോവയും ഡല്‍ഹിയുമെല്ലാം സന്ദര്‍ശിച്ച് മടങ്ങിയെത്തുമ്പോള്‍ പ്രശ്‌നമെല്ലാം തീരുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

11 എംഎല്‍എമാരാണ് മുംബൈയിലെ റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്നത്. ഡി കെയുടെ സന്ദര്‍ശന വിവരം അറിഞ്ഞ വിമത നേതാക്കള്‍ എംഎല്‍എമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഇവരെ വൈകാതെ പൂനെയിലേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞതിന് പിന്നാലെ, കേവലഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ബിജെപിയെയാണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. അന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പ്രലോഭനത്തില്‍ വീഴാതെ കാത്തത് ഡി കെ ശിവകുമാറിന്റെ ഇടപെടലുകളാണ്. 

തെരഞ്ഞെടുപ്പില്‍ ജയിച്ച എംഎല്‍എമാരെ മണ്ഡലത്തില്‍ പോലും വിടാതെ റിസോര്‍ട്ടുകളില്‍ പാര്‍പ്പിക്കുകയായിരുന്നു. ബാഹ്യ ഇടപെടലുകള്‍ ഒന്നും സാധ്യമാകാത്ത തരത്തിലായിരുന്നു റിസോര്‍ട്ട് വാസം. വിധാന്‍സഭയില്‍ വിശ്വാസവോട്ടെടുപ്പ് വേളയിലാണ് എംഎല്‍എമാരെ നിയമസഭയിലെത്തിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com