അടുത്ത തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ എങ്ങനെ ജയിക്കും?; ബിജെപിയില്‍ ചേരാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് ഗോവയിലെ കോണ്‍ഗ്രസ് നേതാവ് 

കോണ്‍ഗ്രസ്  വാഗദാനങ്ങള്‍ പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി
അടുത്ത തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ എങ്ങനെ ജയിക്കും?; ബിജെപിയില്‍ ചേരാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് ഗോവയിലെ കോണ്‍ഗ്രസ് നേതാവ് 

പനാജി: വികസനം സാധ്യമായില്ലെങ്കില്‍ എങ്ങനെ അടുത്ത തവണ തങ്ങളെ ജനങ്ങള്‍ തെരഞ്ഞെടുക്കുമെന്ന ചോദ്യം ഉന്നയിച്ച് ഗോവയിലെ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കര്‍. കോണ്‍ഗ്രസ്  വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ നേതൃത്വത്തില്‍ പത്തു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കളുടെ ഇടയിലുളള യോജിപ്പില്ലായ്മ കാര്യങ്ങള്‍ പ്രതികൂലമാക്കി. സര്‍ക്കാര്‍ രൂപീകരണം അസാധ്യമാകുമെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തിലാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. 

പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രി എന്ന നിലയില്‍ നല്ല പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. പ്രതിപക്ഷ നേതാവായിട്ടുപോലും മണ്ഡലത്തില്‍ വികസനപ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നില്ല.നിയമസഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടുപോലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്താന്‍ സഖ്യകക്ഷിസര്‍ക്കാര്‍ എല്ലാവഴികളും തേടുമ്പോഴാണ്, കോണ്‍ഗ്രസിന് കൂടുതല്‍ പ്രഹരം നല്‍കി അയല്‍സംസ്ഥാനമായ ഗോവയില്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത്. പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ ഗോവ നിയമസഭയില്‍ ബിജെപിയുടെ അംഗബലം 27 ആയി ഉയര്‍ന്നു. സംസ്ഥാനത്തിന്റെയും അതത് മണ്ഡലത്തിന്റെയും വികസനത്തിനായാണ് ഇവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ബിജെപിയില്‍ ചേരാന്‍ ഒരു ഉപാധിയും ഇവര്‍ മുന്നോട്ടുവെച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങള്‍ പാര്‍ട്ടി വിടുകയാണെന്ന് കാണിച്ച് ചന്ദ്രകാന്ത് കാവ്‌ലേക്കറും മറ്റു ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാരും നിയമസഭാ സ്പീക്കര്‍ക്ക് കത്തുനല്‍കി. ബുധനാഴ്ച വൈകിട്ടാണ് ഇവര്‍ നിയമസഭാ മന്ദിരത്തിലെത്തി സ്പീക്കറെ കണ്ടത്. മുഖ്യമന്ത്രി പ്രമോദ് സാവന്തും ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബായും ഇവരോടൊപ്പമുണ്ടായിരുന്നു. 

പ്രതിപക്ഷ നേതാവായ ചന്ദ്രകാന്ത് കാവ്‌ലേക്കറിനൊപ്പം ഫ്രാന്‍സിസ് സില്‍വേറിയ, ഫിലിപ്പ് നെറൈ റോഡ്രിഗസ്, വില്‍ഫ്രഡ് ഡിസൂസ, നീല്‍കാന്ത് ഹലാങ്കര്‍ തുടങ്ങിയവരും ബിജെ.പിയിലേക്ക് ചേക്കേറുന്നവരില്‍ ഉള്‍പ്പെടുന്നു. ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ അഞ്ചായി ചുരുങ്ങി. 2017ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു കോണ്‍ഗ്രസ്. ഇതില്‍ നിന്നാണ് അഞ്ചു എംഎല്‍എമാരിലേക്ക് കോണ്‍ഗ്രസ് ചുരുങ്ങിയത്.

നാല്‍പതംഗം നിയമസഭയില്‍ ബിജെപിക്ക് പതിനേഴ് അംഗങ്ങളാണുള്ളത്. മൂന്ന് അംഗങ്ങളുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബിജെപി ഭരണം കൈയാളുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com