മുംബൈയിലെ ഹോട്ടലിന് മുന്നില്‍ നാടകീയ രംഗങ്ങള്‍ ; ഡി കെ ശിവകുമാറിനെ തടഞ്ഞ് പൊലീസും ബിജെപിയും ; 'ഗോബാക്ക്' വിളികള്‍

പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു ബിജെപി നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും
മുംബൈയിലെ ഹോട്ടലിന് മുന്നില്‍ നാടകീയ രംഗങ്ങള്‍ ; ഡി കെ ശിവകുമാറിനെ തടഞ്ഞ് പൊലീസും ബിജെപിയും ; 'ഗോബാക്ക്' വിളികള്‍

മുംബൈ : കര്‍ണാടകയിലെ രാഷ്ട്രീയപ്രതിസന്ധി തുടരുന്നതിനിടെ, വിമതര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിന് മുന്നില്‍ നാടകീയ രംഗങ്ങള്‍. കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാറും ജെഡിഎസ് നേതാവ് ശിവലിംഗ ഗൗഡയും ഹോട്ടലിന് മുന്നിലെത്തിയതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഹോട്ടലിലെത്തിയ ശിവകുമാറിനെ മുംബൈ പൊലീസ് ഹോട്ടലിന് ഉള്ളിലേക്ക് കടത്തിവിട്ടില്ല. ഇവിടെ താമസിക്കുന്ന എംഎല്‍എമാര്‍ക്ക് സുരക്ഷാഭീഷണിയുണ്ടെന്നും അതിനാല്‍ കടത്തിവിടാനാകില്ലെന്നും മുംബൈ പൊലീസ് അറിയിച്ചു. 

എന്നാല്‍ ഹോട്ടലില്‍ താന്‍ റൂം ബുക്ക് ചെയ്തിട്ടുണ്ടെന്നും, ഹോട്ടലില്‍ തന്റെ സുഹൃത്തുക്കളുണ്ട്. അവരുമായി സംസാരിക്കാന്‍ അനുവദിക്കണമെന്നും ശിവകുമാര്‍ പറഞ്ഞു. എംഎല്‍എമാര്‍ തന്റെ കുടുംബാംഗങ്ങളാണ്. അവരുമായി വേര്‍പിരിയാനാകില്ല. തങ്ങളുടേത് കുടുംബവഴക്ക് മാത്രമാണെന്നും, പ്രശ്‌നം തീര്‍ക്കുന്നതിന് അവരുമായി ചര്‍ച്ചയ്ക്കായി ഹോട്ടലിനകത്തേക്ക് കയറ്റിവിടണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു. 

ഇതിനിടെ ബിജെപി പ്രവര്‍ത്തകരും, വിമത ജെഡിഎസ് എംഎല്‍എ നാരായണ ഗൗഡയുടെ അനുയായികളും ശിവകുമാറിനും ശിവലിംഗ ഗൗഡക്കുമെതിരെ ഗോബാക്ക് വിളികളുമായി രംഗത്തെത്തി. ഇതോടെ ശിവകുമാറിനും പൊലീസ് സുരക്ഷയൊരുക്കി. ഹോട്ടലിലുള്ള സുഹൃത്തുക്കളെ കണ്ടേ തിരികെപ്പോകൂ എന്ന നിലപാടിലാണ് ശിവകുമാര്‍. എംഎല്‍എമാരെ താന്‍ ഭീഷണിപ്പെടുത്തി എന്ന വാര്‍ത്ത പച്ചക്കള്ളമാണെന്നും ശിവകുമാര്‍ പറഞ്ഞു. 

അതിനിടെ പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ ബിജെപി പരസ്യനീക്കത്തിനൊരുങ്ങുകയാണ്. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു ബിജെപി നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും. ഉച്ചക്ക് ഒരു മണിക്കാണ് ബി എസ് യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ വജുഭായ് വാലയെ കാണുക. കുമാരസ്വാമിസര്‍ക്കാര്‍ ന്യൂനപക്ഷമായെന്നും, സഭയില്‍ വിശ്വസം തെളിയിക്കാന്‍ മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിക്കണമെന്നു ബിജെപി ആവശ്യപ്പെട്ടേക്കും. ഗവര്‍ണറുമായുളള കൂടിക്കാഴ്ചയ്ക്ക് മുന്‍പ് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക വിധാന്‍ സൗധയ്ക്ക് മുന്നില്‍ ബിജെപി എംഎല്‍എമാരെ അണിനിരത്തി പ്രതിഷേധധര്‍ണ സംഘടിപ്പിക്കുമെന്നും പാര്‍ട്ടി നേതാവ് അരവിന്ദ് ലിംബവാലി പറഞ്ഞു. വിമതര്‍ ഒപ്പമുണ്ടെന്നു ബിജെപി ഉറപ്പുവരുത്തുന്നുണ്ട്. പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍ അശോക്, മുന്‍ സ്പീക്കര്‍ കെ ജി ബൊപ്പയ്യ എന്നിവര്‍ മുംബൈയിലെ ഹോട്ടലില്‍ വിമതരെ കണ്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com