സ്പീക്കര്‍ക്കെതിരെ വിമത എംഎല്‍എമാര്‍ സുപ്രിംകോടതിയില്‍; കര്‍ണാടകയിലെ ഭരണപ്രതിസന്ധി നിയമപോരാട്ടത്തിലേക്ക്

അടിയന്തര സാഹചര്യം പരിഗണിച്ച് മന്ത്രി ഡി കെ  ശിവകുമാറിന്റെ റൂം  ബുക്കിംഗ് റദ്ദാക്കിയതായി ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു
സ്പീക്കര്‍ക്കെതിരെ വിമത എംഎല്‍എമാര്‍ സുപ്രിംകോടതിയില്‍; കര്‍ണാടകയിലെ ഭരണപ്രതിസന്ധി നിയമപോരാട്ടത്തിലേക്ക്

ബംഗലൂരു : കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി നിയമപോരാട്ടത്തിലേക്ക് വഴിമാറുന്നു. രാജി സ്വീകരിക്കാതെ തീരുമാനം നീട്ടിക്കൊണ്ടുപോകുന്ന സ്പീക്കര്‍ രമേഷ്‌കുമാറിനെതിരെ വിമത എംഎല്‍എമാര്‍ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി. തങ്ങളുടെ രാജി സ്വീകരിക്കാതെ ന്യൂനപക്ഷമായ സഖ്യസര്‍ക്കാരിന്റെ അയൂസ്സ് നീട്ടിക്കൊണ്ടുപോകാനാണ് സ്പീക്കര്‍ ശ്രമിക്കുന്നതെന്ന് എംഎല്‍എമാര്‍ ഹര്‍ജിയില്‍ ആരോപിച്ചു. 

പത്ത് വിമത എംഎല്‍എമാരാണ് സ്പീക്കര്‍ക്കെതിരെ കോടതിയെ സമീപിച്ചത്. മുന്‍ അഡ്വക്കേറ്റ് ജനറല്‍ മുകുള്‍ റോത്തഗിയാണ് വിമതര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. ഇവരുടെ ഹര്‍ജി സുപ്രിംകോടതി നാളെ പരിഗണിച്ചേക്കും. രാജി സ്വീകരിക്കുന്നത് നീട്ടി കുമാരസ്വാമി സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് സ്പീക്കറുടെ നടപടിയെന്നും വിമതര്‍ ആരോപിക്കുന്നു.

രാജിവെച്ച 13 എംഎല്‍എമാരില്‍ എട്ടുപേരുടെ രാജിക്കത്ത് നിയമപ്രകാരമല്ലെന്നാണ് സ്പീക്കറുടെ വിലയിരുത്തല്‍. അതേസമയം രാജിവെച്ച എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ശുപാര്‍ശയും സ്പീക്കറുടെ പക്കലുണ്ട്. ഇതില്‍ ഇന്നേക്കകം തെളിവുകള്‍ നല്‍കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാര്‍ മുംബൈയിലെത്തിയിരുന്നു. എന്നാല്‍ വിമതര്‍ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ വെച്ച് പൊലീസ് ശിവകുമാറിനെ തടഞ്ഞു. അതിനാല്‍ ഇതുവരെ എംഎല്‍എമാരുമായി ശിവകുമാറിന് കൂടിക്കാഴ്ച നടത്താനായിട്ടില്ല. ഹോട്ടലില്‍ റൂം ബുക്ക് ചെയ്തിട്ടുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ അടിയന്തര സാഹചര്യം പരിഗണിച്ച് ശിവകുമാറിന്റെ ബുക്കിംഗ് റദ്ദാക്കിയതായി ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com