എംഎല്‍എമാരുടെ പെരുമാറ്റം ഭൂമികുലുക്കം നടന്നതുപോലെ; മിന്നല്‍ വേഗത്തില്‍ തീരുമാനമെടുക്കാനാവില്ല, ദൃശ്യങ്ങള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും: സ്പീക്കര്‍ 

എംഎല്‍എമാരുടെ രാജിയില്‍ മിന്നല്‍വേഗത്തില്‍ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്ന് രമേശ്കുമാര്‍
എംഎല്‍എമാരുടെ പെരുമാറ്റം ഭൂമികുലുക്കം നടന്നതുപോലെ; മിന്നല്‍ വേഗത്തില്‍ തീരുമാനമെടുക്കാനാവില്ല, ദൃശ്യങ്ങള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും: സ്പീക്കര്‍ 

ബംഗലൂരു: മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് കര്‍ണാടകയിലെ വിധാന്‍ സൗധയിലെത്തിയ കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാരില്‍ 10 പേര്‍ സ്പീക്കര്‍ കെ ആര്‍ രമേശ്കുമാറിന് രാജി സമര്‍പ്പിച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് എംഎല്‍എമാരുടെ നടപടി.

എംഎല്‍എമാരുടെ രാജിയില്‍ മിന്നല്‍വേഗത്തില്‍ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്ന് രമേശ്കുമാര്‍ പറഞ്ഞു. ഭരണഘടന അനുസരിച്ചുളള നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ മുന്നോട്ടുപോകാന്‍ സാധിക്കുകയുളളുവെന്നും രമേശ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. രാത്രി മുഴുവന്‍ ഇരുന്ന് ഇവ പരിശോധിക്കേണ്ടതുണ്ടെന്നും ഇത് വസ്തുതപരമാണെന്ന് ബോധ്യപ്പെടേണ്ടതുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. രാജി നല്‍കുന്ന ദൃശ്യങ്ങളടക്കം പകര്‍ത്തിയിട്ടുണ്ട്. ഇതടക്കം നാളെ സുപ്രിംകോടതിയില്‍ മറുപടിയായി നല്‍കുമെന്നും രമേശ്കുമാര്‍ പറഞ്ഞു. എംഎല്‍എമാരുടെ രാജിയില്‍ ഇന്ന് തീരുമാനമെടുക്കാന്‍ സുപ്രീംകോടതി സ്പീക്കറോട് നിര്‍ദേശിച്ചിരുന്നു.

ചിലര്‍ തങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അതിനാലാണ് മുംബൈയ്ക്ക് പോയതെന്നും എംഎല്‍എമാര്‍ തന്നോട് പറഞ്ഞതായി സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ തന്നെ സമീപിക്കാമായിരുന്നില്ലെയെന്നും സംരക്ഷണം നല്‍കുമായിരുന്നുവല്ലോ എന്നും മറുപടി പറഞ്ഞതായി സ്പീക്കര്‍ പറഞ്ഞു. 3 ദിവസം മാത്രമാണ് കടന്നുപോയത്. എന്നാല്‍ ഭൂമികുലുക്കം നടന്നതുപോലെയാണ് അവര്‍ പെരുമാറിയതെന്നും സ്പീക്കര്‍ പറഞ്ഞു.

തന്നോട് ആശയവിനിമയം നടത്താതെ എംഎല്‍എമാര്‍ അന്ന് ഗവര്‍ണറെ സമീപിക്കുകയായിരുന്നു. അങ്ങനെവരുമ്പോള്‍ താന്‍ എന്താണ് ചെയ്യുക? തുടര്‍ന്ന് അവര്‍ സുപ്രീംകോടതിയെ സമീപിച്ചു. ജനങ്ങളോടും ഭരണഘടനയോടുമാണ് തനിക്ക് കടപ്പാട്. ഈ നാടിനോട് സ്‌നേഹം ഉളളതുകൊണ്ടാണ് തീരുമാനം വൈകിപ്പിച്ചത്. തിടുക്കത്തില്‍ താന്‍ തീരുമാനമെടുക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com