ബിജെപിയെ പഴി പറയുന്നതില്‍ എന്തു കാര്യം? കോണ്‍ഗ്രസില്‍ പുതിയ പ്രസിഡന്റ് വരുന്ന ലക്ഷണമൊന്നുമില്ലെന്ന് മീഡിയ കോഓര്‍ഡിനേറ്റര്‍

ബിജെപിയെ പഴി പറയുന്നതില്‍ എന്തു കാര്യം? കോണ്‍ഗ്രസില്‍ പുതിയ പ്രസിഡന്റ് വരുന്ന ലക്ഷണമൊന്നുമില്ലെന്ന് പാര്‍ട്ടി നേതാവ്
രചിത് സേഥ്
രചിത് സേഥ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനകത്തെ പ്രശ്‌നങ്ങള്‍ക്കു ബിജെപിയെ കുറ്റം പറയുന്നതില്‍ കാര്യമില്ലെന്ന് പാര്‍ട്ടി ദേശീയ മീഡിയ കോഓര്‍ഡിനേറ്റര്‍ രചിത് സേഥ്. പാര്‍ട്ടിയില്‍ നടമാടുന്ന അരാജകത്വത്തില്‍നിന്നാണ് കര്‍ണാടക, ഗോവ സംഭവ വികാസങ്ങള്‍ ഉണ്ടായതെന്ന് രചിത് സേഥ് അഭിപ്രായപ്പെട്ടു. ട്വിറ്ററില്‍ അഭിപ്രായം രേഖപ്പെടുത്തിയതിനു പിന്നാലെ സേഥ് പാര്‍ട്ടി മീഡിയ കോഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞു.

രാഹുല്‍ ഗാന്ധി രാജിവച്ച് നാല്‍പ്പത്തിയഞ്ചു ദിവസം കഴിഞ്ഞിട്ടും പുതിയ പ്രസിഡന്റ് വരുന്ന ലക്ഷണമൊന്നും കാണുന്നില്ലെന്ന് രചിത് സേഥ് പറഞ്ഞു. മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ മാത്രമാണ് ഇതു സംബന്ധിച്ച് പുറത്തുവരുന്നത്.

അരാജകത്വത്തില്‍നിന്നാണ് കര്‍ണാടക, ഗോവ സംഭവങ്ങള്‍ ഉണ്ടാവുന്നത്. അവസരവാദികളും അധികാര ദല്ലാളന്മാരുമാണ് അവസാന ചിരി ചിരിക്കുന്നത്. കുഴപ്പം അകത്തു തന്നെയാണെങ്കില്‍ ബിജെപിയെ കുറ്റം പറയുന്നതില്‍ കാര്യമില്ലെന്ന് രചിത് സേഥ് പറഞ്ഞു.

ട്വീറ്റ് വാര്‍ത്തയായതിനു പിന്നാലെ വിശദീകരണവുമായി സേഥ് രംഗത്തുവന്നു. തന്നെ അഭിപ്രായങ്ങള്‍ വ്യക്തിപരം മാത്രമാണെന്നും രാഹുല്‍ സ്ഥാനമൊഴിഞ്ഞതിനാല്‍ താന്‍ പദവിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നും സേഥ് പറഞ്ഞു. പിന്നാലെ തന്നെ സേഥ് മീഡിയ കോഓര്‍ഡിനേറ്റര്‍ പദവിയില്‍നിന്നു രാജിവയ്ക്കുന്നതായി എഐസിസി കമ്യൂണിക്കേഷന്‍ ഇന്‍ ചാര്‍ജ് രണ്‍ദീപ് സിങ് സുര്‍ജേവാലയ്ക്കു കത്തു നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com