രാജിക്കത്തില്‍ ഒറ്റദിവസം കൊണ്ട് തീരുമാനമെടുക്കാനാവില്ല; ഉത്തരവ് ഭരണഘടനാ വിരുദ്ധം; സ്പീക്കര്‍ സുപ്രീം കോടതിയില്‍

കോടതിക്ക് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കാനാവില്ലെന്നും രാജിക്കത്ത് പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും സ്പിക്കര്‍
രമേഷ് കുമാര്‍ (ഫയല്‍ ചിത്രം)
രമേഷ് കുമാര്‍ (ഫയല്‍ ചിത്രം)


ന്യൂഡല്‍ഹി: വിമത എം എല്‍ എമാരുടെ രാജിയില്‍ ഇന്ന് തന്നെ തീരുമാനമെടുക്കണമെന്ന ഉത്തരവിനെതിരെ കര്‍ണാടക സ്പീക്കര്‍ രമേഷ് കുമാര്‍ സുപ്രീം കോടതിയില്‍. കോടതിക്ക് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കാനാവില്ലെന്നും രാജിക്കത്ത് പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും സ്പിക്കര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി ഇന്ന തന്നെ പരിഗണിക്കണമെന്ന് സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ അഭിഷേക് സിങ് വി ആവശ്യപ്പെട്ടു. സ്പീക്കര്‍ക്ക് നല്‍കിയ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് സിങ് വി പറഞ്ഞു. എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബഞ്ച് ആവശ്യം നിരാകരിച്ചു. ഇക്കാര്യം നാളെ കേള്‍ക്കാന്‍ രാവിലെ തീരുമാനിച്ചതാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.  

സ്പീക്കര്‍ രമേഷ് കുമാര്‍ ഇന്ന് തന്നെ വിമത എംഎല്‍എമാരെ കാണണമെന്നായിരുന്നു സുപ്രിംകോടതി ഉത്തരവ്. രാജിക്കാര്യം എംഎല്‍എമാര്‍ സ്പീക്കറെ നേരിട്ട് അറിയിക്കണം. സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയ 10 എംഎല്‍എമാര്‍ക്കാണ് ഇന്നു വൈകീട്ട് ആറുമണിക്ക് സ്പീക്കറെ കാണാന്‍ കോടതി നിര്‍ദേശം നല്‍കിയത്. സ്പീക്കര്‍ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കണം.രാജിക്കാര്യത്തില്‍ സ്പീക്കര്‍ ഇന്നുതന്നെ തീരുമാനം എടുക്കണമെന്നും, നാളെ കോടതിയെ അറിയിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബെഞ്ചാണ് വിമത എംഎല്‍എമാരുടെ ഹര്‍ജി പരിഗണിച്ചത്. ഈ മാസം 17ാം തീയതി വരെ സമയം ഉണ്ടെന്നും, എംഎല്‍എമാരെ വ്യത്യസ്തമായി നേരിട്ടുകണ്ടശേഷം തീരുമാനമെടുക്കുമെന്നുമാണ് സ്പീക്കര്‍ രമേഷ് കുമാര്‍ അറിയിച്ചിരുന്നത്. സ്പീക്കറുടെ നിലപാട് തീരുമാനം നീട്ടിക്കൊണ്ടുപോയി, കുമാരസ്വാമി സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള തന്ത്രമാണെന്നാണ് എംഎല്‍എമാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. 

അതിനിടെ സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട കൂടിയാലോചനകള്‍ തുടരുന്നു. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാവിലെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. ഉപമുഖ്യമന്ത്രി പരമേശ്വര, മന്ത്രി ഡി കെ ശിവകുമാര്‍, കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. 

സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്നും, രാജിവെക്കേണ്ട സാഹചര്യം ഇല്ലെന്നും കുമാരസ്വാമി പറഞ്ഞു. സര്‍ക്കാര്‍ തുടരുമെന്നും കുമാരസ്വാമി കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു. 2008 സ്ഥിതി നിങ്ങള്‍ കണ്ടതാണല്ലോ. അന്ന് യെദ്യൂരപ്പ എങ്ങനെയാണ് നിലനിന്നത് എന്ന് നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടല്ലോ എന്നും കുമാരസ്വാമി ചോദിച്ചു. കുമാരസ്വാമി സര്‍ക്കാര്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ഡി കെ ശിവകുമാറും അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com