ദളിത് യുവാവിനെ പ്രണയിച്ച്‌ വിവാഹം ചെയ്തതിന് അച്ഛന്‍ ഭീഷണിപ്പെടുത്തുന്നു; ബിജെപി എംഎല്‍എയ്‌ക്കെതിരെ മകള്‍

സംരക്ഷണം തേടി ഇവർ അലഹാബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
ദളിത് യുവാവിനെ പ്രണയിച്ച്‌ വിവാഹം ചെയ്തതിന് അച്ഛന്‍ ഭീഷണിപ്പെടുത്തുന്നു; ബിജെപി എംഎല്‍എയ്‌ക്കെതിരെ മകള്‍

ലക്നൗ: ദളിത് യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ ബിജെപി എംഎൽഎയായ അച്ഛൻ ഭീഷണിപ്പെടുത്തുന്നുവെന്ന് മകൾ. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. ബറേലിയിലെ ബിഥരി ചൈൻപുർ എംഎൽഎ രാജേഷ് മിശ്രയ്ക്കെതിരെയാണു മകൾ സാക്ഷി (23) രം​ഗത്തെത്തിയിരിക്കുന്നത്. 

ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് തന്നെ പിതാവ് ഭീഷണിപ്പെടുത്തുന്നുവെന്ന് സാക്ഷി ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അറിയിച്ചത്. ഭർത്താവ് അജിതേഷ് കുമാറിനൊപ്പം (29) വീഡിയോയിൽ പ്രത്യക്ഷപ്പെട്ട സാക്ഷി, പൊലീസ് സംരക്ഷണം തേടുകയും ചെയ്തു. തനിക്കോ ഭർത്താവിനോ എന്തെങ്കിലും സംഭവിച്ചാൽ അച്ഛനെ അഴിക്കുള്ളിലാക്കുമെന്ന മുന്നറിയിപ്പോടെയാണ് സാക്ഷിയുടെ ഫേസ്ബുക്ക് വീഡിയോ. 

സംരക്ഷണം തേടി ഇവർ അലഹാബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. നവദമ്പതികൾക്കു സുരക്ഷയൊരുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പക്ഷേ, അവർ എവിടെയാണെന്നറിയില്ലെന്നും ഡിഐജി ആർകെ പാണ്ഡെ പറഞ്ഞു.

അതേസമയം, താൻ പാർട്ടി പരിപാടികളുടെ തിരക്കിലാണെന്നും ആർക്കും ഭീഷണി സൃഷ്ടിക്കുന്നില്ലെന്നുമാണ് എംഎൽഎ രാജേഷ് മിശ്രയുടെ പ്രതികരണം. മകൾ മുതിർന്നയാളാണെന്നും സ്വയം തീരുമാനങ്ങളെടുക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com