രാഷ്ട്രീയപ്രതിസന്ധിക്കിടെ കര്‍ണാടകയില്‍ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം ; എംഎല്‍എമാരുടെ രാജിയില്‍ സുപ്രിംകോടതി വിധി ഉണ്ടായേക്കും

ഭരണപക്ഷത്തുനിന്ന് 16 പേര്‍ രാജിവെച്ചതോടെ സഭയുടെ അംഗബലം 208 ആയി കുറഞ്ഞു
രാഷ്ട്രീയപ്രതിസന്ധിക്കിടെ കര്‍ണാടകയില്‍ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം ; എംഎല്‍എമാരുടെ രാജിയില്‍ സുപ്രിംകോടതി വിധി ഉണ്ടായേക്കും

ബംഗലൂരു : കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ, നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. വിമത എംഎല്‍എമാര്‍ സമ്മേളനത്തിന് എത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം എല്ലാ എംഎല്‍എമാരും സഭയിലെത്തണമെന്ന് കാണിച്ച് കോണ്‍ഗ്രസ് തങ്ങളുടെ എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്. വിപ്പ് ലംഘിക്കുന്നവരെ അയോഗ്യരാക്കാനാണ് നീക്കം. അതേസമയം ഭരണപക്ഷ എംഎല്‍എമാര്‍ രാജിവെച്ചതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട കുമാരസ്വാമി സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ബിജെപി നിലപാട്. 

അതിനിടെ രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നിലപാടിനെതിരേ വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതിയുടെ വിധിയും ഇന്നുണ്ടായേക്കും. ഹര്‍ജി പരിഗണിച്ച് കോടതി എംഎല്‍എമാരോട് ഇന്നലെ വൈകീട്ട് ആറുമണിക്ക് സ്പീക്കറെ നേരില്‍ക്കണ്ട് രാജി നല്‍കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് എംഎല്‍എമാര്‍ സ്പീക്കറെ നേരിട്ട് കണ്ട് രാജി നല്‍കുകയും ചെയ്തു. രാജിക്കാര്യത്തില്‍ ഇന്നലെ തന്നെ തീരുമാനം എടുക്കണമെന്നും, ഇന്ന് കോടതിയെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചിട്ടുണ്ട്. 

എന്നാല്‍ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. എംഎല്‍എമാരുടെ രാജി സമ്മര്‍ദ്ദം മൂലമാണോ, സ്വമേധയാ എടുത്ത തീരുമാനമാണോ എന്ന് പരിശോധിക്കണമെന്നാണ് സ്പീക്കറുടെ നിലപാട്. എംഎൽഎമാരുടെ രാജിയിൽ തന്റെ ഭാ​ഗം കൂടി കേൽക്കണമെന്നും ഹർജിയിൽ സ്പീക്കർ ആവശ്യപ്പെടുന്നു.  രാജിക്കാര്യത്തില്‍ 17-ാം തീയതി വരെ സമയമുണ്ടെന്നായിരുന്നു സ്പീക്കര്‍ രമേഷ് കുമാര്‍ നേരത്തെ അഭിപ്രായപ്പെട്ടത്. രാജി നീട്ടിക്കൊണ്ടുപോയി കുമാരസ്വാമി സര്‍ക്കാരിന്റെ ആയുസ്സ് നീട്ടിക്കൊണ്ടുപോകാനാണ് സ്പീക്കര്‍ ശ്രമിക്കുന്നതെന്നാണ് വിമതരുടെ വാദം. 

ഭരണപക്ഷത്തുനിന്ന് 16 പേര്‍ രാജിവെച്ചതോടെ സഭയുടെ അംഗബലം 208 ആയി കുറഞ്ഞു. ഇതില്‍ ബി.ജെ.പി.ക്ക് 107 പേരുടെയും കോണ്‍ഗ്രസ് ദള്‍ സഖ്യത്തിന് 101 പേരുടെയും പിന്തുണയുമാണുള്ളത്. ഈ സാഹചര്യത്തില്‍ ധനബില്‍ പാസാക്കുന്നത് ബുദ്ധിമുട്ടായിരിക്കും. വിമതപക്ഷത്ത് നിന്നുള്ളവരെ അനുനയിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് വിമതര്‍ ബംഗളൂരുവിലെത്തിയെങ്കിലും കനത്തസുരക്ഷ കാരണം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. സ്പീക്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇവര്‍ വീണ്ടു മുംബൈയിലേക്ക് പോയതും തിരിച്ചടിയായി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com