സിസിടിവിയുള്ള സ്ഥലം നോക്കി ബൈക്ക് മോഷ്ടിച്ചു ; പിടിയിലായ പ്രതിയുടെ വെളിപ്പെടുത്തലില്‍ പൊലീസും ഞെട്ടി ; 'ആഗ്രഹസാഫല്യ'ത്തില്‍ മോഷ്ടാവ്

മോഷണക്കേസില്‍ അറസ്റ്റിലായ ജ്ഞാനപ്രകാശം ജാമ്യത്തിലിറങ്ങിയപ്പോഴാണ്, ജയിലിലെ കൂട്ടുകാരുടെ സാമീപ്യം നഷ്ടപ്പെടുന്നതായി തോന്നിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: ജയിലിലെ അന്തരീക്ഷവും അവിടുത്തെ ഭക്ഷണവും കൂട്ടുകാരുമെല്ലാം മിസ് ചെയ്യുന്നുവെന്ന് തടവുകാരന് തോന്നല്‍. ഇതോടെ ഏതുവിദേനയും ജയിലില്‍ തിരിച്ചെത്താനായി ഇയാളുടെ ശ്രമം. ചെന്നൈ സ്വദേശിയായ 52 കാരന്‍ ജ്ഞാനപ്രകാശമാണ് വീണ്ടും ജയിലില്‍ തിരിച്ചെത്താനായി മോഷണം നടത്തിയത്. അതും പിടിക്കണേ എന്ന പ്രാര്‍ത്ഥനയോടെ. 

മോഷണക്കേസില്‍ അറസ്റ്റിലായ ജ്ഞാനപ്രകാശം ജാമ്യത്തിലിറങ്ങിയപ്പോഴാണ്, ജയിലിലെ കൂട്ടുകാരുടെ സാമീപ്യം നഷ്ടപ്പെടുന്നതായി തോന്നിയത്. തുടര്‍ന്ന് ജയിലില്‍ തിരിച്ചെത്താന്‍ ജ്ഞാനപ്രകാശം കണ്ടെത്തിയ വഴി ഒരു ബൈക്കും കുറച്ച് പെട്രോളും മോഷ്ടിക്കുക എന്നതായിരുന്നു. എങ്ങനെയെങ്കിലും പൊലീസിന്റെ പിടിയിലായി ജയിലിലേക്ക് മടങ്ങുക മാത്രമായിരുന്നു ലക്ഷ്യം. 

കൈലാസപുരത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു ബൈക്ക് മോഷ്ടിച്ചാണ് ജ്ഞാനപ്രകാശം തന്റെ ആഗ്രഹം നിറവേറ്റാനിറങ്ങിയത്. ഇതിനായി സിസിടിവി സ്ഥാപിച്ച സ്ഥലം തന്നെ തെരഞ്ഞെടുത്തു. മോഷ്ടിച്ച ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ഇന്ധനം തീര്‍ന്നെങ്കിലും മറ്റുവാഹനങ്ങളില്‍നിന്ന് പെട്രോളും മോഷ്ടിച്ചു. ഇതിനിടെയാണ് നാട്ടുകാര്‍ ജ്ഞാനപ്രകാശത്തെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.പൊലീസ് സ്‌റ്റേഷനിലെത്തിച്ച ജ്ഞാനപ്രകാശം മനസുതുറന്നപ്പോള്‍ പൊലീസുകാരും ഞെട്ടിപ്പോയി. 

ജയിലിലെ കൂട്ടുകാരെ പിരിഞ്ഞുനില്‍ക്കുന്നതില്‍ വലിയ ദു:ഖമുണ്ടെന്നായിരുന്നു ഇയാളുടെ മൊഴി. ജയിലില്‍ മൂന്നുനേരം ലഭിക്കുന്ന ഭക്ഷണം തനിക്കേറ്റവും പ്രിയപ്പെട്ടതാണെന്നും കൃത്യസമയത്ത് ഭക്ഷണം ലഭിക്കുന്നത് വലിയകാര്യമാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. എന്തായാലും ജ്ഞാനപ്രകാശം ആഗ്രഹിച്ചപോലെ തന്നെ കാര്യങ്ങള്‍ നടന്നു. മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത ഇയാളെ വീണ്ടും പുഴല്‍ ജയിലിലേക്ക് തന്നെ അയച്ചു. 

കഴിഞ്ഞ മാര്‍ച്ചിലാണ് ജ്ഞാനപ്രകാശത്തെ മോഷണക്കേസില്‍ ആദ്യമായി പിടികൂടിയത്. തുടര്‍ന്ന് ഇയാളെ പുഴല്‍ ജയിലില്‍ തടവിലാക്കുകയും ചെയ്തു. ജൂണ്‍ 29ന് ജ്ഞാനപ്രകാശം ജാമ്യത്തിലിറങ്ങി. പക്ഷേ, വീട്ടിലെത്തിയപ്പോഴാണ് ജയിലിലെ അന്തരീക്ഷവും കൂട്ടുകാരുമാണ് നല്ലതെന്ന് തോന്നിയത്. വീട്ടില്‍ തനിക്ക് ഒരു വിലയുമില്ലെന്നും ഭാര്യയും മക്കളും ഉപദ്രവിക്കുകയാണെന്നുമാണ് ജ്ഞാനപ്രകാശത്തിന്റെ പരാതി. ഇതോടെ എങ്ങനെയും ജയിലിലേക്ക് തന്നെ മടങ്ങണമെന്ന ആഗ്രഹം കലശലാകുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com