അഞ്ച് വിമതര്‍ കൂടി സുപ്രീംകോടതിയില്‍; കോണ്‍ഗ്രസിന്റെ അനുനയശ്രമങ്ങള്‍ പാളുന്നു

സുപ്രീംകോടതി ഉത്തരവിന്റെ ആനുകൂല്യത്തില്‍ സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താനുളള കോണ്‍ഗ്രസിന്റെ അവസാനവട്ട ശ്രമങ്ങളും പാളുന്നു
അഞ്ച് വിമതര്‍ കൂടി സുപ്രീംകോടതിയില്‍; കോണ്‍ഗ്രസിന്റെ അനുനയശ്രമങ്ങള്‍ പാളുന്നു

ബംഗലൂരു: സുപ്രീംകോടതി ഉത്തരവിന്റെ ആനുകൂല്യത്തില്‍ സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താനുളള കോണ്‍ഗ്രസിന്റെ അവസാനവട്ട ശ്രമങ്ങളും പാളുന്നു. സഖ്യസര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് ഉറപ്പ് നല്‍കി മണിക്കൂറുകള്‍ക്കകം എംഎല്‍എ എം ടി ബി നാഗരാജ് ഉള്‍പ്പെടെ അഞ്ച് വിമത എംഎല്‍എമാരും സുപ്രീംകോടതിയെ സമീപിച്ചു. രാജിക്കത്ത് സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്നതാണ് ഹര്‍ജിയിലെ ഇവരുടെ ആവശ്യം. നേരത്തെ പത്ത് വിമത എംഎല്‍എമാരും സമാനമായ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.

വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ ചൊവ്വാഴ്ച വരെ തത്സ്ഥിതി തുടരാന്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.പ്രതിസന്ധി പരിഹരിക്കാന്‍ ഈ ദിവസങ്ങള്‍ പ്രയോജനപ്പെടുത്താമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷകള്‍ക്കാണ് ഇപ്പോള്‍ തുടക്കത്തിലെ മങ്ങലേറ്റിരിക്കുന്നത്. വിമത എംഎല്‍എമാരെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവരാനുളള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീവ്രശ്രമങ്ങള്‍ക്കാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്.

രാജിക്കാര്യത്തില്‍ സ്്പീക്കര്‍ നടപടി വൈകിപ്പിക്കുന്നത് ചോദ്യം ചെയ്താണ് നാഗരാജ് ഉള്‍പ്പെടെ അഞ്ച് വിമത എംഎല്‍എമാര്‍ കൂടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. രാമലിംഗ റെഡ്ഡി ഒഴികെയുളള വിമത എംഎല്‍എമാരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.രാജിക്കത്ത് സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്നതാണ് ഹര്‍ജിയിലെ ഇവരുടെ ആവശ്യം. 

വിമത എംഎല്‍എമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് കലങ്ങിമറിഞ്ഞ കര്‍ണാടക രാഷ്ട്രീയത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ നേരിയ ആശ്വാസം നല്‍കിയ പ്രതീതിയാണ് കോണ്‍ഗ്രസില്‍ ജനിപ്പിച്ചത്. ഇതിന് പിന്നാലെ വിശ്വാസവോട്ട് തേടാന്‍ തയ്യാറാണെന്ന മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ അപ്രതീക്ഷിത പ്രഖ്യാപനവും വന്നു. ഇതോടെ വിമത എംഎല്‍എമാരെ തിരിച്ചു പാളയത്തിലേക്ക് കൊണ്ടുവരുന്നതിനുളള ശ്രമങ്ങള്‍ കൂടുതല്‍ തീവ്രമാക്കുകയായിരുന്നു.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തന്ത്രജ്ഞന്‍ എന്ന് വിളിപ്പേരുളള ഡി കെ ശിവകുമാര്‍ ഇന്ന് രാവിലെ അഞ്ചുമണിക്ക് വിമത എംഎല്‍എ എം ടി ബി നാഗരാജിന്റെ വീട്ടില്‍ പോയി അനുനയിപ്പിക്കുകയായിരുന്നു.നാലര മണിക്കൂര്‍ നീണ്ടുനിന്ന അനുനയ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ നാഗരാജ് കോണ്‍ഗ്രസ് നേതൃത്വത്തിന് വഴങ്ങുകയായിരുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഉപമുഖ്യമന്ത്രി ജി പരമേശ്വരയും ശിവകുമാറിനൊപ്പം ചര്‍ച്ചകളില്‍ സജീവമായിരുന്നു. സമാനമായ രീതിയില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന എംഎല്‍എമാരായ രാമലിംഗ റെഡ്ഡി, മുനിരത്‌ന, ആര്‍ റോഷന്‍ ബെയ്ഗ് എന്നിവരെയും തിരിച്ചു കൊണ്ടുവരാനുളള തിരക്കിട്ട ശ്രമങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നുണ്ട്. സഖ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി നാലു കോണ്‍ഗ്രസ് എംഎല്‍എമാരുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

തങ്ങള്‍ ഒരുമിച്ചു ജീവിക്കുകയും ഒരുമിച്ച് മരിക്കുകയും ചെയ്യുമെന്നാണ് നാഗരാജ് തിരിച്ചുവന്നതിന് പിന്നാലെ ശിവകുമാറിന്റെ പ്രതികരണം. 40 വര്‍ഷമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. എല്ലാ കുടുംബത്തിലും ഉയര്‍ച്ചയും താഴ്ചയും സ്വാഭാവികമാണ്. എല്ലാം മറന്ന് തങ്ങള്‍ ഒരുമിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജി പിന്‍വലിക്കാന്‍ ശിവകുമാറും മറ്റു കോണ്‍ഗ്രസ് നേതാക്കളും അഭ്യര്‍ത്ഥിച്ചതായി നാഗരാജ് പറഞ്ഞു.  കെ സുധാകര്‍ റാവുവിനെയും തിരിച്ചു കൊണ്ടുവരാന്‍ അദ്ദേഹവുമായി ആശയവിനിമയം നടത്തുമെന്നും നാഗരാജ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് നാഗരാജ് ഉള്‍പ്പെടെയുളള വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

അടുത്തയാഴ്ച നിയമസഭയില്‍ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടാനാണ് സാധ്യത. ഇതിന് മുന്നോടിയായി ബിജെപിയും കോണ്‍ഗ്രസും അവരുടെ എംഎല്‍എമാരെ ഹോട്ടലുകളിലേക്കും റിസോര്‍ട്ടുകളിലേക്കും മാറ്റിയിട്ടുണ്ട്. അതേസമയം എംഎല്‍എമാരെ തിരിച്ചുകൊണ്ടുവരുന്നതില്‍ ഗൂഢാലോചന നടക്കുന്നതായി യെദ്യൂരപ്പ ആരോപിക്കുന്നു.എങ്കിലും സര്‍ക്കാരിന്റെ തകര്‍ച്ച  ഉറപ്പാണെന്നും യെദ്യൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com