മരണങ്ങളും മോഷണവും കൂടി; പരിഹാരമായി പൊലീസ് സ്റ്റേഷനില്‍ ആടുബലി; ദോഷം മാറ്റാനായി പരിസരങ്ങളില്‍ രക്തം തളിച്ചു; അന്വേഷണം

പ്രദേശത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ കുറക്കാനും സ്റ്റേഷനെ ബാധിച്ചിരിക്കുന്ന ദോഷം മാറ്റാനുമായി ആടിനെ ബലിനല്‍കിയത്
മരണങ്ങളും മോഷണവും കൂടി; പരിഹാരമായി പൊലീസ് സ്റ്റേഷനില്‍ ആടുബലി; ദോഷം മാറ്റാനായി പരിസരങ്ങളില്‍ രക്തം തളിച്ചു; അന്വേഷണം

കൊയമ്പത്തൂര്‍; കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനായി പൊലീസ് സ്റ്റേഷനില്‍ ആടിനെ ബലി നല്‍കി പൊലീസ്. കൊയമ്പത്തൂര്‍ കോവില്‍പാളയം സ്‌റ്റേഷനിലാണ് പ്രദേശത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ കുറക്കാനും സ്റ്റേഷനെ ബാധിച്ചിരിക്കുന്ന ദോഷം മാറ്റാനുമായി ആടിനെ ബലിനല്‍കിയത്. സംഭവം വിവാദമായതോടെ ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് നിര്‍ദേശം നല്‍കി. 

തുടര്‍ച്ചയായി അനിഷ്ട സംഭവങ്ങള്‍ നടന്നതോടെയാണ് ആടിനെ ബലിനല്‍കി പരിഹാരം കാണാന്‍ പൊലീസ് തയാറായത്. കോവില്‍പാളയം സ്‌റ്റേഷനിലെ മുന്‍ ഇന്‍സ്‌പെക്ടറെ കഴിഞ്ഞവര്‍ഷം കൈക്കൂലിക്കേസില്‍ വിജിലന്‍സ് അറസ്റ്റുചെയ്തിരുന്നു. കൂടാതെ അടുത്തിടെ ഇവിടത്തെ ഒരു സീനിയര്‍ പോലീസ് കോണ്‍സ്റ്റബിള്‍ ആരോഗ്യകാരണങ്ങളാല്‍ മരിച്ചു. 

രണ്ടാഴ്ചമുമ്പ് ഈ പ്രദേശത്ത് ജോലിക്കിടെ മൂന്നുപേര്‍ ശ്വാസംമുട്ടിയും മരിച്ചു. സ്‌റ്റേഷന്‍പരിധിയില്‍ എല്ലാ ആഴ്ചയും ഒരു അപകടമരണമെങ്കിലും റിപ്പോര്‍ട്ടുചെയ്യുന്നുണ്ട്. മോഷണക്കേസുകളും പതിവായി. ഇതിനൊക്കെ പരിഹാരമായാണ് ചിലരുടെ ഉപദേശപ്രകാരം ബലിനടത്തിയത്. കഴിഞ്ഞദിവസം പുലര്‍ച്ചെ നാലിനായിരുന്നു ബലി. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രാദേശികനേതാക്കളാണ് രണ്ടു ആടുകളെ ഇതിനായി എത്തിച്ചത്. ബലിനടത്തി രക്തം പരിസരങ്ങളില്‍ തളിച്ചാല്‍ ദോഷംമാറുമെന്നായിരുന്നു ഉപദേശം. ആടിന്റെ ഇറച്ചികൊണ്ട് ഭക്ഷണം തയ്യാറാക്കിനല്‍കിയതായും പറയുന്നു. കരുമത്താംപട്ടി ഡിവിഷനുകീഴിലാണ് കോവില്‍പാളയം സ്‌റ്റേഷന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com