പ്രളയദുരിതത്തില്‍ വലഞ്ഞ് ഉത്തരേന്ത്യ: സൈനികരടക്കം കുടുങ്ങിക്കിടക്കുന്നു, മഴ തുടരുമെന്ന് മുന്നറിയിപ്പ്

കണ്ടാമൃഗങ്ങളുടെ ഏറ്റവും വലിയ ആവാസ കേന്ദ്രമായ കാസിരംഗ ദേശീയ പാര്‍ക്കിന്റെ എഴുപത് ശതമാനവും വെള്ളത്തിനടിയിലാണ്. മുന്‍കരുതലെന്ന നിലയില്‍ പാര്‍ക്കിലെ മൃഗങ്ങളെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രളയദുരിതത്തില്‍ വലഞ്ഞ് ഉത്തരേന്ത്യ: സൈനികരടക്കം കുടുങ്ങിക്കിടക്കുന്നു, മഴ തുടരുമെന്ന് മുന്നറിയിപ്പ്

ത്തരേന്ത്യയില്‍ പ്രളയത്തില്‍ വ്യാപക നാശനഷ്ടം. അസമില്‍ മാത്രം ഏഴ് പേരാണ് മരിച്ചത്. സംസ്ഥാനത്തെ പത്ത് ലക്ഷത്തോളം പേര്‍ പ്രളയബാധിതരായെന്നാണ് കണക്ക്. ഹിമാചല്‍പ്രദേശില്‍ കെട്ടിടം തകര്‍ന്ന് ജവാന്മാരുള്‍പ്പെടെ 25 പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവിടെ നിന്നും രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 

കനത്ത മഴയില്‍ ബ്രഹ്മപുത്ര നദി കരകവിഞ്ഞ് ഒഴുകിയതോടെയാണ് അസമില്‍ പ്രളയം രൂക്ഷമായത്. ബ്രഹ്മപുത്രയുടെ തീരത്തുള്ള ആയിരത്തിലേറെ ഗ്രാമങ്ങളാണ് വെള്ളത്തിനടിയിലായത്. പ്രദേശത്ത് കേന്ദ്ര സംസ്ഥാന ദുരന്ത നിവാരണ സേനകളും കരസേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

കണ്ടാമൃഗങ്ങളുടെ ഏറ്റവും വലിയ ആവാസ കേന്ദ്രമായ കാസിരംഗ ദേശീയ പാര്‍ക്കിന്റെ എഴുപത് ശതമാനവും വെള്ളത്തിനടിയിലാണ്. മുന്‍കരുതലെന്ന നിലയില്‍ പാര്‍ക്കിലെ മൃഗങ്ങളെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം കൂടി അസമില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അങ്ങനെയാണെങ്കില്‍ സാഹചര്യം ഇനിയും രൂക്ഷമാകാം.

ഹിമാചല്‍ പ്രദേശില്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന 25 പേരില്‍ 15 പേര്‍ ജവാന്മാരാണ്. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അസമും ഹിമാചല്‍ പ്രദേശും കൂടാതെ ബീഹാറിലും ബംഗാളിലും ഉത്തരാഖണ്ഡിലും ത്രിപുരയിലും കനത്ത മഴ തുടരുകയാണ്. 

പ്രളയം നാശം വിതച്ച ബംഗാളിലെ ചിലയിടങ്ങളില്‍ സര്‍ക്കാര്‍ സഹായമെത്തിയില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിക്കുന്നുണ്ട്. ബീഹാറിന്റെ അന്താരാഷ്ട്ര അതിര്‍ത്തിക്കപ്പുറം നേപ്പാളില്‍ കനത്ത പ്രളയത്തില്‍ ഇതുവരെ അന്‍പതിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com