നമ്പി നരായണനെ കുടുക്കിയത് രത്തന്‍ സേഗാള്‍, ചാരക്കേസ് സിഐഎയ്ക്കു വേണ്ടി; വെളിപ്പെടുത്തലുമായി മുന്‍ റോ ഉദ്യോഗസ്ഥന്‍

നമ്പി നരായണനെ കുടുക്കിയത് രത്തന്‍ സേഗാള്‍, ചാരക്കേസ് സിഐഎയ്ക്കു വേണ്ടി; വെളിപ്പെടുത്തലുമായി മുന്‍ റോ ഉദ്യോഗസ്ഥന്‍
നമ്പി നാരായണന്‍ (ഫയല്‍)
നമ്പി നാരായണന്‍ (ഫയല്‍)

എസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കിയത് ഐബി ഉദ്യോഗസ്ഥനായിരുന്ന രത്തന്‍ സേഗാള്‍ ആണെന്ന് മുന്‍ റോ ഉദ്യോഗസ്ഥന്‍ എന്‍കെ സൂദ്. സിഐഎയ്ക്കു വേണ്ടിയാണ് ഇതു ചെയ്തതെന്നും സൂദ് പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമമായ ഓപ്പ്ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് സൂദിന്റെ പരാമര്‍ശം.

മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി റോയെ തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പ്രധാനമന്ത്രിക്കു കത്തെഴുതിയതിനെത്തുടര്‍ന്ന് അടുത്തിടെ സൂദ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അഭിമുഖം. അഭിമുഖത്തില്‍ അന്‍സാരിക്കെതിരായ ആരോപണം സൂദ് ആവര്‍ത്തിക്കുന്നുണ്ട്.

റോയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നതില്‍ അന്‍സാരിക്കൊപ്പം ഐബി ദ്യോഗസ്ഥനായ രത്തന്‍ സേഗാള്‍ കൂടി ഉണ്ടായിരുന്നെന്ന് സൂദ് പറയുന്നു. അന്‍സാരിയുമായി വളരെ അടുപ്പമുള്ളയാളാണ് സേഗാള്‍. 

ചാരക്കേസില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ സുപ്രിം കോടതി വെറുതെവിട്ടു. അദ്ദേഹത്തിന് എതിരായ ആക്ഷേപങ്ങള്‍ അടിസ്ഥാനമില്ലാത്തതെന്നു കോടതി കണ്ടെത്തി. എന്നാല്‍ നമ്പി നാരായണനെ കേസില്‍ കുടുക്കിയത് ആരെന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. രത്തന്‍ സേഗാളാണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ശാസ്ത്രജ്ഞരെ ചാരക്കേസില്‍ കുടുക്കി രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുകയായിരുന്നു ലക്ഷ്യം. ഐബി ഉദ്യോഗസ്ഥനായിരിക്കെ സിഐഎയ്ക്കു വേണ്ടി ചാരപ്പണി നടത്തിയതിന് പിടിയിലാവുകയായിരുന്നു രത്തന്‍. അയാള്‍ ഇപ്പോള്‍ അമേരിക്കയില്‍ സുഖമായി ജീവിക്കുന്നു- സൂദ് അഭിമുഖത്തില്‍ പറയുന്നു.

രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി ഹാമിദ് അന്‍സാരി ഇറാനിലെ റോ ഉദ്യോഗസ്ഥരുടെ ജീവന്‍ അപകടത്തിലാക്കിയെന്നാണ് സൂദ് നേരത്തെ ആരോപണം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സൂദ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. 

ഹാമിദ് അന്‍സാരി ഇറാന്‍ സ്ഥാനപതിയായിരുന്ന കാലത്താണ് റോയുടെ രഹസ്യങ്ങള്‍ എതിരാളികള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്ന് എന്‍ കെ സൂദ് ആരോപിച്ചു. അന്‍സാരിയെ രണ്ടുതവണ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുത്തതിനെയും സൂദ് ചോദ്യം ചെയ്യുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com