വിപ്പ് നിലനില്‍ക്കില്ല, വിമതര്‍ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുകുള്‍ റോത്തഗി

വിപ്പ് നിലനില്‍ക്കില്ല, വിമതര്‍ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുകുള്‍ റോത്തഗി
മുകുള്‍ റോത്തഗി
മുകുള്‍ റോത്തഗി

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നാളെ നടക്കുന്ന വിശ്വാസവോട്ടില്‍ വിമത എംഎല്‍എമാര്‍ പങ്കെടുക്കേണ്ടതില്ലെന്ന്, അവര്‍ക്കു വേണ്ടി സുപ്രിം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി. നാളെ സഭയില്‍ ഹാജരാവാന്‍ നിര്‍ദേശിച്ച് നല്‍കിയ വിപ്പ് ഇന്നത്തെ സുപ്രിം കോടതി വിധിയോടെ അസ്ഥിരമായതായി മുകുള്‍ റോത്തഗി പറഞ്ഞു. 

സുപ്രിം കോടതിയുടെ നിര്‍ദേശം അനുസരിച്ച് പതിനഞ്ച് എംഎല്‍എമാര്‍ക്കു സഭയില്‍ ഹാജരാവാനോ ഹാജരാവാതിരിക്കാനോ അവകാശമുണ്ടെന്ന് മുകുള്‍ റോത്തഗി പറഞ്ഞു. രണ്ടു കാര്യങ്ങളാണ് സുപ്രിം കോടതി വിധിയില്‍ വ്യക്തമാക്കിയത്. രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് ഉചിതമായ സമയത്തില്‍ തീരുമാനമെടുക്കാമെന്നത് ഒന്ന്. എംഎല്‍എമാരെ സഭാ നടപടികളില്‍ പങ്കെടുക്കുന്നതിനു നിര്‍ബന്ധിക്കാന്‍ സ്പീക്കര്‍ക്കാവില്ലെന്നതാണ് രണ്ടാമത്തേത്. അതുകൊണ്ടുതന്നെ നാളത്തെ വിശ്വാസ വോട്ടെടുപ്പില്‍ അവര്‍ പങ്കെടുക്കേണ്ടതില്ലെന്ന് റോത്തഗി പറഞ്ഞു.

രാജിക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനു സ്പീക്കര്‍ക്കു നിര്‍ദേശം നല്‍കാനാവില്ലെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിധിയില്‍ വ്യക്തമാക്കിയത്. ഭരണഘടനാപരമായ സംതുലനം പാലിക്കേണ്ടതു പ്രധാനമായതിനാല്‍ ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. അതേസമയം സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എമാരെ നിര്‍ബന്ധിക്കാനാവില്ലെന്നും ഇടക്കാല വിധിയില്‍ കോടതി വ്യക്തമാക്കി. 

സ്പീക്കറുടെ അധികാരത്തില്‍ കോടതിക്ക് എത്രത്തോളം ഇടപെടാം എന്നത് കൂടുതല്‍ വിശദമായി വാദം കേട്ടു തീരുമാനിക്കേണ്ടതാണെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com