ശ്രീലങ്കയില്‍ സീതാദേവി ക്ഷേത്രം നിര്‍മ്മിക്കാന്‍ കോണ്‍ഗ്രസ് ; എതിര്‍പ്പുമായി ബിജെപി ; വിവാദം

ദിവുരുംപോലയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ക്ഷേത്രത്തെച്ചൊല്ലിയാണ് കോണ്‍ഗ്രസും ബിജെപിയും ഏറ്റുമുട്ടുന്നത്
ശ്രീലങ്കയില്‍ സീതാദേവി ക്ഷേത്രം നിര്‍മ്മിക്കാന്‍ കോണ്‍ഗ്രസ് ; എതിര്‍പ്പുമായി ബിജെപി ; വിവാദം

ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്രത്തിന് പിന്നാലെ, സീതാദേവി ക്ഷേത്ര നിര്‍മ്മാണവും വിവാദത്തിലേക്ക്. സീതാദേവി അഗ്നിപരീക്ഷ നടത്തിയെന്ന് വിശ്വസിക്കുന്ന ശ്രീലങ്കയിലെ ദിവുരുംപോലയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ക്ഷേത്രത്തെച്ചൊല്ലിയാണ് കോണ്‍ഗ്രസും ബിജെപിയും ഏറ്റുമുട്ടുന്നത്. മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് ക്ഷേത്രനിര്‍മ്മാണത്തിന് നീക്കം നടക്കുന്നത്. കേന്ദ്രസര്‍ക്കാരും ലങ്കന്‍ സര്‍ക്കാരും ആവശ്യമായ അനുമതി നല്‍കുന്ന പക്ഷം ക്ഷേത്രനിര്‍മ്മാണം ഏറ്റെടുക്കാമെന്നാണ് കമല്‍നാഥ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. 

2010 ല്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് ഈ ആശയം ആദ്യം മുന്നോട്ടുവെച്ചത്. 2013 ല്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്ഷെ സാഞ്ചി സന്ദര്‍ശിച്ചപ്പോള്‍ ചൗഹാന്‍ ഇക്കാര്യം വീണ്ടും ഉന്നയിച്ചു. 2016 ല്‍ ഔദ്യോഗിക സംഘം ലങ്ക സന്ദര്‍ശിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ നിന്ന് പുറത്താകുകയും കോണ്‍ഗ്രസ് ഭരണത്തിലേറുകയുമായിരുന്നു. 

മുന്‍ ബിജെപി സര്‍ക്കാര്‍ ക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ച് പറയുന്നതല്ലാതെ, ഒന്നും ചെയ്തില്ലെന്നും, കോണ്‍ഗ്രസ് സര്‍ക്കാര്‍ സീതാദേവി ക്ഷേത്ര നിര്‍മ്മാണത്തിനായി നടപടികള്‍ ആരംഭിക്കുകയാണെന്നും മധ്യപ്രദേശ് മതകാര്യമന്ത്രി പി സി ശര്‍മ്മ വ്യക്തമാക്കി. ഇതിനായി സര്‍വേയും തുടര്‍ പഠനങ്ങളും നടത്തും. കോണ്‍ഗ്രസ് സര്‍ക്കാര്‍ വചന്‍ പത്രയില്‍ പറഞ്ഞിട്ടുള്ള മതപരമായ ജോലികളെല്ലാം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി ശര്‍മ്മ അറിയിച്ചു. 

രാജ്യത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാഷ്ട്രീയനേട്ടം മുന്നില്‍ക്കണ്ടാണ് കമല്‍നാഥ് സര്‍ക്കാരിന്റെ നീക്കം. ക്ഷേത്രത്തിന്റെ രൂപകല്‍പ്പനയ്ക്കും നിര്‍മ്മാണത്തിനും സന്നദ്ധത അറിയിച്ച് ബംഗലൂരു ആസ്ഥാനമായ കമ്പനി മുന്നോട്ടുവന്നിട്ടുണ്ട്. 15 കോടി രൂപ മുടക്കില്‍ ഒരു വര്‍ഷം കൊണ്ട് ക്ഷേത്രം നിര്‍മ്മിക്കാമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. 

അതിനിടെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പുതിയ നിര്‍ദേശത്തിനെതിരെ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിവരാജ് സിംഗ് ചൗഹാന്‍ രംഗത്തുവന്നു. സീതാദേവിക്ക് ക്ഷേത്രം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് സര്‍വേയും തുടര്‍ പഠനങ്ങളും നടത്താനുള്ള തീരുമാനം രാജ്യത്തെ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ്. രാവണന്‍ സീതയെ തട്ടിക്കൊണ്ടുപോയി അശോകവാടിയില്‍ പാര്‍പ്പിച്ചു എന്നതും, അഗ്നിപരീക്ഷയ്ക്ക് വിധേയമായതും ലോകത്തെ എല്ലാവര്‍ക്കും അറിവുള്ളതാണ്. രാവണന്‍ സീതാദേവിയെ തട്ടിക്കൊണ്ടുപോയോ എന്നാണോ കമല്‍നാഥിന്റെ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതെന്നും ശിവരാജ് സിംഗ് ചൗഹാന്‍ ചോദിച്ചു. 

പുതിയ സാഹചര്യത്തില്‍ ഹൈന്ദവ വോട്ടുകള്‍ ലക്ഷ്യമിട്ട് ക്ഷേത്രനിര്‍മ്മാണ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനം. സീതാദേവി സ്‌നാനം നടത്തിയ നുവാര ഏലിയ എന്ന സ്ഥലത്ത് സീതാഅമ്മന്‍ കോവില്‍ ക്ഷേത്രമുണ്ട്. ബുദ്ധ ആശ്രമത്തിന് കീഴിലാണിത്. ഇവിടം വികസിപ്പിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നേരത്തെ ഒരുകോടി രൂപ ടൂറിസം വകുപ്പ് വഴി നല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com