കര്‍ണാടക വിശ്വാസ വോട്ടെടുപ്പ് ഇന്ന്; പ്രതീക്ഷയോടെ ബിജെപി

മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാവിലെ 11നു നിയമസഭയില്‍ വിശ്വാസവോട്ട് തേടും. അപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ താഴെവീഴാനാണു സാധ്യത
കര്‍ണാടക വിശ്വാസ വോട്ടെടുപ്പ് ഇന്ന്; പ്രതീക്ഷയോടെ ബിജെപി

ബംഗളൂരു: കര്‍ണാടകത്തില്‍ ഭരണപക്ഷ എംഎല്‍എമാരുടെ രാജിയെത്തുടര്‍ന്നു പ്രതിസന്ധിയിലായ കോണ്‍ഗ്രസ്- ജനതാദള്‍ (എസ്) സഖ്യസര്‍ക്കാരിന്റെ ഭാവി വ്യാഴാഴ്ച അറിയാം. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാവിലെ 11നു നിയമസഭയില്‍ വിശ്വാസവോട്ട് തേടും. അപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ താഴെവീഴാനാണു സാധ്യത.

വിമതരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നും എന്നാല്‍, വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് എംഎല്‍എ.മാരെ നിര്‍ബന്ധിക്കാനാകില്ലെന്നുമുള്ള സുപ്രീംകോടതിയുടെ വിധി, ഫലത്തില്‍ സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കു തിരിച്ചടിയായി. നിലവിലെ സാഹചര്യത്തില്‍ വിശ്വാസവോട്ട് നേടാനുള്ള അംഗബലം ഭരണപക്ഷത്തിനില്ല. കോണ്‍ഗ്രസില്‍ നിന്നു പതിമൂന്നും ജനതാദള്‍എസില്‍നിന്നു മൂന്നും എംഎല്‍എ.മാരാണു രാജിവെച്ചത്. സര്‍ക്കാരിന് വിശ്വാസവോട്ട് നേടണമെങ്കില്‍ ഇവരില്‍ കുറഞ്ഞത് ഏഴുപേരെ തിരിച്ചെത്തിക്കണം. എന്നാല്‍, മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡിയെ മാത്രമാണു മടക്കിക്കൊണ്ടുവരാനായത്. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കുമെന്നും റെഡ്ഡി പറഞ്ഞു.

രാമലിംഗറെഡ്ഡി രാജി പിന്‍വലിച്ചാല്‍ ഭരണപക്ഷത്തിന്റെ അംഗബലം 102 ആകും. കെ.പി.ജെ.പി. കോണ്‍ഗ്രസില്‍ ലയിച്ചതാണെന്നുകാണിച്ച് ആര്‍. ശങ്കറിനെ അയോഗ്യനാക്കാനുള്ള നീക്കവും കോണ്‍ഗ്രസിനുണ്ട്. രാജിവെച്ച മറ്റു 15 എം.എല്‍.എ.മാരും ബി.ജെ.പി.യുടെ സംരക്ഷണത്തിലായതിനാല്‍ അനുനയനീക്കം ബുദ്ധിമുട്ടാണ്.

സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത വിമത എം.എല്‍.എ.മാര്‍ രാജി തീരുമാനത്തില്‍നിന്നു പിന്‍മാറില്ലെന്ന് ആവര്‍ത്തിച്ചു. 15 പേരും മുംബൈയില്‍ ക്യാമ്പുചെയ്യുകയാണ്. വിശ്വാസവോട്ടിനുശേഷം വെള്ളിയാഴ്ച ബെംഗളൂരുവിലെത്തുമെന്നു വിമതപക്ഷത്തിന് നേതൃത്വം ല്‍കുന്ന എ.എച്ച്. വിശ്വനാഥ് പറഞ്ഞു.

വിമത എം.എല്‍.എ.മാരുടെ രാജി സ്വീകരിച്ചാലും അയോഗ്യരാക്കിയാലും സര്‍ക്കാര്‍ വീഴും. 16 പേരുടെ രാജി സ്വീകരിച്ചാല്‍ 224 അംഗ നിയമസഭയുടെ അംഗബലം 208 ആകും. കോണ്‍ഗ്രസ് ജനതാദള്‍ സഖ്യത്തിന് 101 പേരുടെ പിന്തുണയാണുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com