പൊലീസിന്റെ കണ്ണുവെട്ടിച്ച് ജെഡിഎസ് നേതാവ് ഹോട്ടലില്‍ ; വിമത എംഎല്‍മാരുമായി ചര്‍ച്ച നടത്തി ; അനുനയ നീക്കം സജീവം

കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേരിടാനിരിക്കെയാണ് വിമതരെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ : കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ, വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുന്നു. ഒരു യുവ ജെഡിഎസ് നേതാവ് വിമതര്‍ താമസിക്കുന്ന ഹോട്ടലിലെത്തി എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേരിടാനിരിക്കെയാണ് വിമതരെ അനുനയിപ്പിക്കാന്‍ അവസാനശ്രമം നടത്തുന്നത്. 

ജെഡിഎസ് യുവജനവിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് സയീദ് ഷാഹിദാണ് മുംബൈയിലെ ഹോട്ടലിലെത്തി വിമത എംഎല്‍എമാരെ കണ്ടത്. താരതമ്യേന അപ്രശസ്തനായ വ്യക്തിയായതിനാല്‍ സയീദ് ഷാഹിദിനെ പൊലീസിന് തിരിച്ചറിയാന്‍ കഴിയാതിരുന്നത്, അദ്ദേഹത്തിന് ഹോട്ടലില്‍ കയറാന്‍ സഹായമായതായാണ് റിപ്പോര്‍ട്ടുകള്‍. സയീദ് എംഎല്‍എമാരെ കണ്ട് ചര്‍ച്ച നടത്തിയതായി ജെഡിഎസ് നേതാക്കളും സ്ഥിരീകരിച്ചു. എന്നാല്‍ ചര്‍ച്ചയുടെ ഫലം എന്താണെന്ന് വ്യക്തമല്ല.

നേരത്തെ വിമത എംഎല്‍എമാരെ കാണാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുാര്‍ അടക്കം മുംബൈയിലെത്തിയിരുന്നു. മണിക്കൂറുകളോളം ഹോട്ടലിന് മുന്നില്‍ കുത്തിയിരുന്നെങ്കിലും കാണാന്‍ സാധിച്ചിരുന്നില്ല. അതിനിടെ ശിവകുമാര്‍, കുമാരസ്വാമി, സിദ്ധരാമയ്യ, ഗുലാംനബി ആസാദ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളില്‍ നിന്നും ജീവന് ഭീഷണി ഉണ്ടെന്നും, സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് എംഎല്‍എമാര്‍ മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. 

തുടര്‍ന്ന് എംഎല്‍എമാരുടെ സുരക്ഷ പൊലീസ് ശക്തമാക്കി. ഇതോടെ മുതിര്‍ന്ന നേതാക്കളുടെ അനുനയ നീക്കം പാളുകയായിരുന്നു. വിമത എംഎല്‍എമാരില്‍ ഒരാള്‍ രാജി പിന്‍വലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എ രാമലിംഗ റെഡ്ഡിയാണ് രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മുംബൈയില്‍ തുടരുന്ന മറ്റു വിമതര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തേക്കില്ലെന്നാണ് സൂചന. ഇവരില്‍ ഏഴ് അംഗങ്ങളെങ്കിലും പിന്തുണച്ചാല്‍ മാത്രമേ സര്‍ക്കാരിന് വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാരിന് വിജയിക്കാനാകൂ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com