വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ ശ്രമം ; എതിര്‍പ്പുമായി ബിജെപി ; കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എയെ കാണാനില്ല

എംഎല്‍എയെ കാണാതായെന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നിഷേധിച്ചു. ശ്രീമന്ത് പാട്ടീല്‍ ആശുപത്രിയില്‍ ചികിത്സക്ക് പോയതാണെന്നാണ് കെപിസിസിയുടെ വിശദീകരണം
വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ ശ്രമം ; എതിര്‍പ്പുമായി ബിജെപി ; കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എയെ കാണാനില്ല

ബംഗലൂരു : കര്‍ണാടകയില്‍  കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന വിശ്വാസവോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് തിരിച്ചടി. റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന ഒരു കോണ്‍ഗ്രസ് എംഎല്‍എയെ കാണാനില്ല. ശ്രീമന്ത് ബാലാസാഹേബ് പാട്ടീലിനെയാണ് കാണാതായത്. ഇന്നലെ രാത്രി എട്ടുമുതല്‍ ശ്രീമന്ത് പാട്ടീലിനെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാട്ടീലിനായി വിമാനത്താവളങ്ങളിലടക്കം തിരച്ചില്‍ നടത്തി വരികയാണ്. എന്നാല്‍ എംഎല്‍എയെ കാണാതായെന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നിഷേധിച്ചു. ശ്രീമന്ത് പാട്ടീല്‍ ആശുപത്രിയില്‍ ചികിത്സക്ക് പോയതാണെന്നാണ് കെപിസിസിയുടെ വിശദീകരണം.വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി പരമേശ്വരയും ഇന്നലെ രാത്രി കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഇവര്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടയിലാണ് പാട്ടീലിനെ കാണാതായത്.

അതേസമയം വിമത എംഎല്‍എമാരില്‍ ഒരാള്‍ രാജി പിന്‍വലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എ രാമലിംഗ റെഡ്ഡിയാണ് രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാരിന് അനുകൂലമായി അദ്ദേഹം വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ മുംബൈയില്‍ തുടരുന്ന മറ്റു വിമതര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തേക്കില്ലെന്നാണ് സൂചന. ഇവരില്‍ ഏഴ് അംഗങ്ങളെങ്കിലും പിന്തുണച്ചാല്‍ മാത്രമേ സര്‍ക്കാരിന് വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാരിന് വിജയിക്കാനാകൂ. 

അതേസമയം വിമത എംഎല്‍എമാര്‍ എത്താനിടയില്ലെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ വോട്ടെടുപ്പ് അടുത്തയാഴ്ചത്തേക്ക് നീട്ടാനും കോണ്‍ഗ്രസ്-ജെഡിഎസ് നേതൃത്വം ആലോചിക്കുന്നുണ്ട്. സഭയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കും. സമയപരിധിയില്ല. ചര്‍ച്ച പൂര്‍ത്തിയാകാത്ത സാഹചര്യം കാണിച്ച് വോട്ടെടുപ്പ് നീട്ടിവെക്കാനാണ് ആലോചന. എന്നാല്‍ ചര്‍ച്ച നീട്ടരുതെന്നും ഇന്നുതന്നെ വോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി സ്പീക്കര്‍ക്ക് കത്തുനല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com