കര്‍ണാടകയില്‍ വിശ്വാസവോട്ടിന് ഗവര്‍ണറുടെ അന്ത്യശാസനം; കോണ്‍ഗ്രസ് നിയമനടപടിക്ക് 

കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നും കാണാതായ എംഎല്‍എ ശ്രീമന്ത് പാട്ടീലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. മുംബൈയിലെത്തിയാണ് പാട്ടീലിന്റെ മൊഴിയെടുത്തത്
കര്‍ണാടകയില്‍ വിശ്വാസവോട്ടിന് ഗവര്‍ണറുടെ അന്ത്യശാസനം; കോണ്‍ഗ്രസ് നിയമനടപടിക്ക് 

ബംഗലൂരു: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി പുതിയ തലത്തിലേക്ക്. കുമാരസ്വാമി സര്‍ക്കാര്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് വിശ്വാസവോട്ട് തെളിയിക്കണമെന്ന് ഗവര്‍ണര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ മുഖ്യമന്ത്രി കുമാരസ്വാമിക്ക് കത്തുനല്‍കി. വിശ്വാസ വോട്ടെടുപ്പ് നീളുന്നത് ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ലെന്നാണ് ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 

ഇന്നലെ തന്നെ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ വാജുഭായ് വാല സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദേശം തള്ളിയ സ്പീക്കര്‍, ഇന്നലത്തേക്ക് സഭ പിരിയുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ന് രാവിലെ 11 ന് വീണ്ടും നിയമസഭ ചേരും. വിശ്വാസപ്രമേയത്തിന്മേല്‍ ചര്‍ച്ച തുടരും. 

അതിനിടെ ഗവര്‍ണര്‍ നല്‍കിയ കത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഗവര്‍ണറുടെ നീക്കം അധികാര ദുര്‍വിനിയോഗമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഇന്ന് കോടതിയെ സമീപിക്കും. വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ചയ്ക്ക് മുമ്പ് വേണ്ടെന്നാണ് സഖ്യത്തിന്റെ ധാരണ. വിപ്പ് സംബന്ധിച്ച് വ്യക്തത വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ സ്പീക്കറും കോടതിയെ സമീപിച്ചേക്കും. വിമതര്‍ സഭയിലെത്തണമെന്ന് സ്പീക്കര്‍ക്ക് നിര്‍ദ്ദേശിക്കാനാകില്ലെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. 

വിശ്വാസവോട്ടെടുപ്പ് വൈകിക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപിയും കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിശ്വാസവോട്ടെടുപ്പ് നടത്താതെ സഭ പിരിഞ്ഞതില്‍ പ്രതിഷേധിച്ച് യെദ്യൂരപ്പയും ബിജെപി എംഎല്‍എമാരും നിയമസഭില്‍ തന്നെ കിടന്നുറങ്ങി പ്രതിഷേധിച്ചിരുന്നു. അതേസമയം കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നും കാണാതായ എംഎല്‍എ ശ്രീമന്ത് പാട്ടീലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. മുംബൈയിലെത്തിയാണ് പാട്ടീലിന്റെ മൊഴിയെടുത്തത്. സ്പീക്കറുടെ നിര്‍ദേശപ്രകാരമാണ് നടപടി. എംഎല്‍എയെ ബിജെപി തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com