ഗവര്‍ണറുടെ അന്ത്യശാസനം സര്‍ക്കാര്‍ തള്ളി ; വിശ്വാസ പ്രമേയ നടപടികളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല

കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നും കാണാതായ എംഎല്‍എ ശ്രീമന്ത് പാട്ടീലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. മുംബൈയിലെത്തിയാണ് പാട്ടീലിന്റെ മൊഴിയെടുത്തത്
ഗവര്‍ണറുടെ അന്ത്യശാസനം സര്‍ക്കാര്‍ തള്ളി ; വിശ്വാസ പ്രമേയ നടപടികളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല

ബംഗലൂരു : കര്‍ണാടകയില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് വിശ്വാസവോട്ട് നേടണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം കുമാരസ്വാമി സര്‍ക്കാര്‍ തള്ളി. ഗവര്‍ണറുടെ നിര്‍ദേശം അംഗീകരിക്കാനാകില്ല. വിശ്വാസവോട്ടെടുപ്പിന്റെ നടപടികള്‍ പൂര്‍ത്തിയാക്കാതെ വോട്ടെടുപ്പ് നടത്താനാകില്ല. വിശ്വാസ പ്രമേയ നടപടികളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇതോടെ കര്‍ണാടകയിലെ രാഷ്ട്രീയപ്രതിസന്ധി ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായി മാറുകയാണ്. 

വിപ്പ് സംബന്ധിച്ച ഉത്തരവില്‍ വ്യക്തത വേണമെന്നാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടത്. വിപ്പ് പുറപ്പെടുവിക്കുക എന്നത് രാഷ്ട്രീയപാര്‍ട്ടികളുടെ അവകാശമാണ്. എന്നാല്‍ വിശ്വാസപ്രമേയത്തില്‍ സര്‍ക്കാരിന് അനുകൂലമായി വിപ്പ് പുറപ്പെടുവിച്ച് വിമതരെ വോട്ടെടുപ്പിന് ഹാജരാകാന്‍ നിര്‍ബന്ധിക്കരുതെന്ന് സുപ്രിംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. 

ഇക്കാര്യത്തില്‍ വ്യക്തത തേടിയാണ് സിദ്ധരാമയ്യ സുപ്രിംകോടതിയെ സമീപിക്കുന്നത്. രാവിലെ ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ സിദ്ധരാമയ്യയുടെ അഭിഭാഷകന്‍ ഇക്കാര്യം ഉന്നയിക്കും. ഭരണഘടനാ വിരുദ്ധമാണ് വിപ്പ് പുറപ്പെടുവിച്ച് വിമതരെ നിര്‍ബന്ധിക്കരുതെന്ന കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടും. വിപ്പില്‍ വ്യക്തത വരുന്നതുവരെ വോട്ടെടുപ്പ് നിര്‍ത്തിവെക്കണമെന്നും കോണ്‍ഗ്രസും ജെഡിഎസും ആവശ്യപ്പെടുന്നു. ഗവര്‍ണറുടെ അന്ത്യശാസനത്തിനെതിരെ മുഖ്യമന്ത്രി കുമാരസ്വാമിയും സുപ്രിംകോടതിയെ സമീപിച്ചേക്കും. 

വിശ്വാസവോട്ടെടുപ്പ് വൈകിക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപിയും കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിശ്വാസവോട്ടെടുപ്പ് നടത്താതെ സഭ പിരിഞ്ഞതില്‍ പ്രതിഷേധിച്ച് യെദ്യൂരപ്പയും ബിജെപി എംഎല്‍എമാരും നിയമസഭില്‍ തന്നെ കിടന്നുറങ്ങി പ്രതിഷേധിച്ചിരുന്നു. അതേസമയം കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നും കാണാതായ എംഎല്‍എ ശ്രീമന്ത് പാട്ടീലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. മുംബൈയിലെത്തിയാണ് പാട്ടീലിന്റെ മൊഴിയെടുത്തത്. സ്പീക്കറുടെ നിര്‍ദേശപ്രകാരമാണ് നടപടി. എംഎല്‍എയെ ബിജെപി തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com