പെയിന്റും ഷാംപൂവും സോപ്പും ഉപയോ​ഗിച്ച് പാൽ നിർമ്മാണം ; മൂന്ന് കൃത്രിമ പാൽ നിർമ്മാണകേന്ദ്രങ്ങൾ പൂട്ടിച്ചു

വെള്ള പെയിന്റ്, ഷാംപൂ, സോപ്പ്, യൂറിയ, ​ഗ്ലൂക്കോസ് പൗഡർ തുടങ്ങിയവയാണ് കൃത്രിമ പാൽ നിർമ്മാണത്തിന് ഉപയോ​ഗിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു
പെയിന്റും ഷാംപൂവും സോപ്പും ഉപയോ​ഗിച്ച് പാൽ നിർമ്മാണം ; മൂന്ന് കൃത്രിമ പാൽ നിർമ്മാണകേന്ദ്രങ്ങൾ പൂട്ടിച്ചു

ഭോപ്പാല്‍: രാസവസ്തുക്കളും പെയിന്റും മറ്റുമുപയോ​ഗിച്ച് കൃത്രിമമായി പാൽ നിർമ്മിച്ച് വിതരണം ചെയ്യുന്ന മൂന്ന് ഉത്പാദന കേന്ദ്രങ്ങള്‍ പൊലീസ് റെയ്ഡില്‍ കണ്ടെത്തി. മധ്യപ്രദേശിലാണ് റെയ്ഡില്‍ കൃത്രിമ പാല്‍ ഉത്പാദന യൂണിറ്റ് കണ്ടെത്തിയത്. മൊറേന ജില്ലയിലെ അംബയിലും ബിന്ത് ജില്ലയിലെ ലാഹറിലും ഗ്വാളിയറിലും പ്രവര്‍ത്തിക്കുന്ന ഫാക്ടറികളിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. സ്പെഷൽ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. 

കൃത്രിമ പാൽ നിർമ്മാണശാലയിലെ റെയ്ഡിൽ 57 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. വെള്ള പെയിന്റ്, ഷാംപൂ, സോപ്പ്, യൂറിയ, ​ഗ്ലൂക്കോസ് പൗഡർ തുടങ്ങിയവയാണ് കൃത്രിമ പാൽ നിർമ്മാണത്തിന് ഉപയോ​ഗിച്ചിരുന്നതെന്ന് റെയ്ഡിന് നേതൃത്വം നൽകിയ  എസ് പി രാജേഷ് ബഡോറിയ പറഞ്ഞു. ഇവിടെ വ്യാജമായി നിര്‍മിക്കുന്ന പാല്‍  മധ്യപ്രദേശിന് പുറമെ,  ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ വിതരണം ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. 

20 ടാങ്കര്‍ ലോറികളിലും 11 പിക്കപ്പ് വാനുകളിലുമായി നിറച്ച കൃത്രിമ പാലും റെയ്ഡിൽ ഇവിടെ നിന്ന് പിടികൂടി. ഷാംപുവിന്റെയും ശുദ്ധീകരിച്ച എണ്ണയുടെയും ഗ്ലൂക്കോസ് പൊടിയുടെയും വലിയ ശേഖരവും ഇവിടെ നിന്ന് പിടികൂടിയതായി എസ്പി രാജേഷ് ബഡോറിയ വ്യക്തമാക്കി. 10,000  ലിറ്റര്‍ കൃത്രിമ  പാലും  500 കിലോ കൃത്രിമ വെണ്ണയും 200 കിലോ കൃത്രിമ  പനീറും റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ട്‌.

30 ശതമാനം യഥാര്‍ഥ പാലും ബാക്കി മറ്റ് വസ്തുക്കളും ചേര്‍ത്താണ് പാല്‍ നിര്‍മ്മാണം നടത്തിയത്‌. പാലിനോടൊപ്പം ഷാംപു, വെള്ള പെയ്ന്റ്, ഗ്ലൂക്കോസ് പൗഡര്‍ എന്നിവ യോജിപ്പിച്ചാണ് കൃത്രിമ പാല്‍ ഉത്പാദിപ്പിച്ചിരുന്നത്‌. ഇതേ ചേരുവ ഉപയോഗിച്ചാണ് വെണ്ണയും പനീറും ഉത്പാദിപ്പിക്കുന്നത്. ഉത്തരേന്ത്യയിലെ പ്രധാന മാര്‍ക്കറ്റുകളിലെല്ലാം എത്തുന്ന ബ്രാന്‍ഡഡ്‌ ഉത്പന്നങ്ങളാണ് ഇവയെല്ലാമെന്നും പൊലീസ് സൂചിപ്പിച്ചു.

ഇത്തരത്തില്‍ ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍  5 രൂപ മാത്രമാണ് ചിലവ് വരുന്നത്. ഈ പാല്‍ മാര്‍ക്കറ്റില്‍ ലിറ്ററിന് 45 മുതല്‍ 50 രൂപ നിരക്കിലാണ് വിറ്റിരുന്നത്‌. ചീസിന് കിലോയ്ക്ക് 100 മുതല്‍ 150 രൂപ  നിരക്കിലും ആണ് മാര്‍ക്കറ്റില്‍ വില്‍ക്കുന്നത്. ഏകദേശം രണ്ട് ലക്ഷം ലിറ്റര്‍ പാലാണ് ഈ ഉത്പാദനകേന്ദ്രത്തില്‍ നിന്ന് ദിവസേന നിര്‍മിച്ചിരുന്നത്‌. രാത്രിയും പകലുമായി നൂറുകണക്കിന് ജോലിക്കാരാണ് ഫാക്ടറികളിൽ ജോലി ചെയ്തിരുന്നത്. ഫാക്ടറികള്‍ അടച്ചുപൂട്ടിയതായി പൊലീസ് അറിയിച്ചു. കൃത്രിമ പാൽ നിർമ്മാണത്തിന് ഫുഡ് സേഫ്റ്റി ഉദ്യോ​ഗസ്ഥരുടെ പിന്തുണയുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും എസ്പി രാജേഷ് ബഡോറിയ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com