മേനകയും അരുന്ധതിയും കോടതി മുറിയിലെ ദമ്പതികൾ; അന്നവർ പോരാടിയത് അവർക്ക് വേണ്ടിക്കൂടി

മേനക ​ഗുരുസ്വാമിയും അരുന്ധതി കട്ജുവും സ്വവർഗ ബന്ധം കുറ്റകരമല്ലെന്ന ചരിത്ര വിധി സമ്പാദിച്ച ഈ വനിതാ അഭിഭാഷകർ ഇനി മുതൽ ദമ്പതികൾ കൂടിയാണ്
മേനകയും അരുന്ധതിയും കോടതി മുറിയിലെ ദമ്പതികൾ; അന്നവർ പോരാടിയത് അവർക്ക് വേണ്ടിക്കൂടി

ന്യൂഡൽഹി: മേനക ​ഗുരുസ്വാമിയും അരുന്ധതി കട്ജുവും സ്വവർഗ ബന്ധം കുറ്റകരമല്ലെന്ന ചരിത്ര വിധി സമ്പാദിച്ച ഈ വനിതാ അഭിഭാഷകർ ഇനി മുതൽ ദമ്പതികൾ കൂടിയാണ്. സ്വവർഗ സ്നേഹികളുടെ മൗലികാവകാശം സ്ഥാപിച്ചെടുത്തു ചരിത്രമെഴുതിയ അവർക്ക്, അന്നത് വ്യക്തിപരമായ വിജയം കൂടിയായിരുന്നുവെന്ന കാര്യം വ്യക്തമായത് ഇപ്പോൾ മാത്രം.

സ്വവർഗ ലൈംഗിക ബന്ധം കുറ്റകരമാണെന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പിനെതിരെ പോരാടി വിജയം നേടിയ ഇരുവരും പ്രഗത്ഭ പാരമ്പര്യം ഉള്ളവരാണ്. സുപ്രീം കോടതി ജസ്റ്റിസ് ആയിരുന്ന മാർക്കണ്ഡേയ കട്ജുവിന്റെ സഹോദര പുത്രിയാണ് അരുന്ധതി. മേനകയാവട്ടെ, പ്രശസ്ത രാഷ്ട്രീയ ചിന്തകനും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഉപദേഷ്ടാവുമായിരുന്ന മോഹൻ ഗുരുസ്വാമിയുടെ മകളും.

1860ൽ ബ്രിട്ടിഷ് ഭരണകാലത്ത് നിലവിലിരുന്ന നിയമത്തിനെതിരെയാണ് ഇവർ പോരാടിയത്. തുടർന്ന്, ഉഭയസമ്മത പ്രകാരമുള്ള ശാരീരിക ബന്ധം കുറ്റകരമല്ലെന്ന് 2018 സെപ്റ്റംബർ ആറിന് സുപ്രീം കോടതി വിധിച്ചു. സ്വവർഗ ബന്ധം കുറ്റകരമല്ലെന്ന ഡൽഹി ഹൈക്കോടതിയുടെ 2009ലെ വിധി 2013ൽ സുപ്രീം കോടതി തള്ളിക്കളഞ്ഞപ്പോഴും വാദിക്കാൻ ഇരുവരും തോളോടുതോൾ ചേർന്ന് ഉണ്ടായിരുന്നു. അന്നത്തെ തോൽവിയിൽ കീഴടങ്ങാൻ അവർക്കു കഴിഞ്ഞില്ല. കാരണം തങ്ങൾ പ്രാക്ടീസ് ചെയ്യുന്ന കോടതിയിൽ തന്നെ രണ്ടാം തരക്കാരാക്കപ്പെട്ടതായി അവർക്ക് തോന്നി. കോടതി മുറിയിലിരിക്കുമ്പോൾ തങ്ങൾ ക്രിമിനലുകളാണെന്ന തോന്നൽ ഒട്ടും സ്വീകാര്യമായി തോന്നിയില്ല.

കോടതി വിധിക്കു പിന്നാലെ, ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിൽ 2019ൽ ടൈം മാഗസിൻ ഇവരെ ഉൾപ്പെടുത്തിയിരുന്നു.‌ കഴിഞ്ഞ ദിവസം, സാരിയുടുത്തു നിൽക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനുള്ള ചാലഞ്ചിൽ പങ്കെടുത്ത് ഇരുവരും സാരി വേഷത്തിൽ പ്രത്യക്ഷപ്പെട്ടതും തരംഗമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com