ചരിത്രം കുറിച്ച് സിപിഐ ; ഡി രാജ ജനറല്‍ സെക്രട്ടറി ; പദവിയിലെത്തുന്ന ആദ്യ ദലിത് നേതാവ്

യുവനേതാവ് കനയ്യകുമാറിനെ ദേശീയ എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
ചരിത്രം കുറിച്ച് സിപിഐ ; ഡി രാജ ജനറല്‍ സെക്രട്ടറി ; പദവിയിലെത്തുന്ന ആദ്യ ദലിത് നേതാവ്

ന്യൂഡല്‍ഹി : സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജയെ തെരഞ്ഞെടുത്തു. നിലവിലെ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി ആരോഗ്യപരമായ കാരണങ്ങളാല്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഡി രാജയെ നേതാവായി തെരഞ്ഞെടുത്തത്. ദേശീയ സെക്രട്ടേറിയറ്റിന്റെ ശുപാര്‍ശ ദേശീയ കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. 

തമിഴ്‌നാട്ടില്‍ നിന്നുള്ള നേതാവാണ് ഡി രാജ. ദലിത് വിഭാഗത്തില്‍ നിന്നും രാജ്യത്തെ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്ന ആദ്യ നേതാവാണ് രാജ. സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയാണ് രാജയുടെ പേര് നിര്‍ദേശിച്ചത്. സിപിഐയുടെ 11-മത് ജനറല്‍ സെക്രട്ടറിയാണ് രാജ. ബിനോയ് വിശ്വം എംപിയെ പാര്‍ട്ടി പത്രം ന്യൂ ഏജിന്റെ പത്രാധിപരായും നിയമിച്ചു. 

തമിഴ്നാട്ടില്‍നിന്നുള്ള രാജ്യസഭാംഗമായ രാജ 1994 മുതല്‍ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ്. അമര്‍ജീത് കൗറിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് കേരളഘടകത്തിന് താല്‍പര്യമുണ്ടായിരുന്നെങ്കിലും ഭിന്നതകള്‍ ഒഴിവാക്കണമെന്ന സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയുടെ നിര്‍ദേശത്തിന് വഴങ്ങുകയായിരുന്നു.

വെല്ലുവിളികള്‍ നേരിടുന്ന കാലത്താണ് പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് തന്നെ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഡി രാജ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടം പാര്‍ട്ടി തുടരുമെന്ന് ഡി രാജ പറഞ്ഞു. യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ നടപടിയെടുക്കുമെന്നും രാജ വ്യക്തമാക്കി. യുവനേതാവ് കനയ്യകുമാറിനെ ദേശീയ എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com