ചന്ദ്രയാന്‍-2 നാളെ കുതിച്ചുയരും ; കൗണ്ട് ഡൗണിന് ഇന്ന് വൈകീട്ട് തുടക്കം ; ലോഞ്ച് റിഹേഴ്‌സല്‍ പൂര്‍ത്തിയായി

20 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കൗണ്ട് ഡൗണ്‍ തുടങ്ങുന്നതിന് പിന്നാലെ റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ജോലികളും തുടങ്ങും
ചന്ദ്രയാന്‍-2 നാളെ കുതിച്ചുയരും ; കൗണ്ട് ഡൗണിന് ഇന്ന് വൈകീട്ട് തുടക്കം ; ലോഞ്ച് റിഹേഴ്‌സല്‍ പൂര്‍ത്തിയായി

ശ്രീഹരിക്കോട്ട: സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മാറ്റിവച്ച ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ വിക്ഷേപണം നാളെ നടക്കും. നാളെ ഉച്ചക്ക് 2.43ന് ചന്ദ്രയാന്‍ കുതിച്ചുയരുക. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്‌സല്‍ ഇന്നലെ രാത്രി പൂര്‍ത്തിയായി. ചന്ദ്രയാനിന്റെ കൗണ്ട്ഡൗണ്‍ ഇന്ന് വൈകീട്ട് ആരംഭിക്കും. വൈകീട്ട് 6.43നാണ് ജിഎസ്എല്‍വി മാക്ക് ത്രീ എം 1 റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങുന്നത്. 

20 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കൗണ്ട് ഡൗണ്‍ ആരംഭിച്ചതിന് പിന്നാലെ റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ജോലികളും തുടങ്ങും. ദ്രവ ഇന്ധനഘട്ടമായ എല്‍ 110 ലും ഖര ഇന്ധന ഘട്ടമായ സ്ട്രാപ്പോണുകളിലും ആണ് ആദ്യം ഇന്ധനം നിറയ്ക്കുന്നത്. കൗണ്ട് ഡൗണിന്റെ അവസാന മണിക്കൂറിലാണ് മൂന്നാം ഘട്ടമായ ക്രയോജനിക് സ്‌റ്റേജിലേക്കുള്ള ഇന്ധനം നിറയ്ക്കുന്നത്. ദ്രവീകൃത ഹൈഡ്രജനും ദ്രവീകൃത ഓക്‌സിജനുമാണ് ഈ ഘട്ടത്തില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. 

ഈ ഇന്ധനം നിറച്ചതിന് പിന്നാലെയാണ് ജൂലൈ 15ന് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിക്ഷേപണം മാറ്റുകയായിരുന്നു. പിഴവുകളെല്ലാം പരിഹരിച്ചാണ് ഇത്തവണ റോക്കറ്റ് വിക്ഷേപണത്തറയില്‍ എത്തിച്ചിരിക്കുന്നതെന്ന് അധികൃതര്‍ സൂചിപ്പിച്ചു. വിക്ഷേപണം നിശ്ചയിച്ചതിലും ഏഴ് ദിവസം വൈകിയെങ്കിലും സെപ്റ്റംബര്‍ ആറിന് തന്നെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിംഗ് നടത്താനാണ് ഐഎസ്ആര്‍ഒയുടെ തീരുമാനം. ഇതിനായി ചന്ദ്രയാന്‍ 2 പേടകത്തിന്റെ ചന്ദ്രനിലേക്കുള്ള യാത്രാ പദ്ധതിയിലടക്കം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com