പ്രിയങ്കയെ വിട്ടില്ലെങ്കില്‍ ബിജെപി ആസ്ഥാനത്തിന് മുന്നില്‍ സമരം തുടങ്ങണം; കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഷീലയുടെ അവസാന നിര്‍ദേശം

അവാസന മണിക്കൂറുകളിലും കര്‍മ്മ നിരതയായിരുന്നു പുതിയ ഡല്‍ഹിയെ കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്കുവഹിച്ച കോണ്‍ഗ്രസിന്റെ കരുത്തയായ നേതാവ്.
പ്രിയങ്കയെ വിട്ടില്ലെങ്കില്‍ ബിജെപി ആസ്ഥാനത്തിന് മുന്നില്‍ സമരം തുടങ്ങണം; കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഷീലയുടെ അവസാന നിര്‍ദേശം

യുപിയില്‍ പ്രിയങ്ക ഗാന്ധി നടത്തിവന്ന സമരം അവസാനിച്ചില്ലെങ്കില്‍ ബിജെപി ആസ്ഥാനത്തിന് മുന്നില്‍ സമരം ആരംഭിക്കണം- അന്തരിച്ച കോണ്‍ഗ്രസ് ഡല്‍ഹി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് പാര്‍ട്ടിക്കാര്‍ക്ക് അവസാനം നല്‍കിയ നിര്‍ദേശം ഇതാണ്. 

സോന്‍ഭദ്രയില്‍ നടന്ന വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാനെത്തിയ പ്രിയങ്ക ഗാന്ധിയെ കരുതല്‍ തടങ്കലിലാക്കിയ ഉത്തര് പ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെ ഡല്‍ഹി ദീന്‍ദയാല്‍ ഉപാധ്യേയ മാര്‍ഗില്‍ വെള്ളിയാഴ്ച രാവിലെ പ്രതിഷേധം നടത്താന്‍ ഷീല ആഹ്വനം ചെയ്തിരുന്നു. എന്നാല്‍ അവര്‍ക്ക് പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റിയില്ല. ഷീലയുടെ അഭാവത്തില്‍ മുതിര്‍ന്ന നേതാവ് ഹാരൂണ്‍ യൂസഫിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. 

വൈകുന്നേരത്തോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഷീലയുടെ അടുത്ത നിര്‍ദേശമെത്തി; എഐസിസിസി ജനറല്‍ സെക്രട്ടറിയെ യാത്ര തുടരാന്‍ അനുവദിച്ചില്ലെങ്കില്‍ ബിജെപി ആസ്ഥാനത്തേക്ക് പ്രതിഷേധ പ്രകടനം നടത്തണം. അവാസന മണിക്കൂറുകളിലും കര്‍മ്മ നിരതയായിരുന്നു പുതിയ ഡല്‍ഹിയെ കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്കുവഹിച്ച കോണ്‍ഗ്രസിന്റെ കരുത്തയായ നേതാവ്. 

ദീര്‍ഘകാലമായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഷീല. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ആശുപ്തരിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചയ്ക്ക് 3.30നായിരുന്നു അന്ത്യം.

കഴിഞ്ഞ വര്‍ഷം അസുഖത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ വെച്ച് ഹൃദയ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു.പതിനഞ്ച് വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് യുപിഎ സര്‍ക്കാരിന്റെ കാലത്ത് അഞ്ച് മാസം കേരളാ ഗവര്‍ണറായിരുന്നു. ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് വീണ്ടും സജീവരാഷ്ട്രീയത്തില്‍ ഇറങ്ങുകയായിരുന്നു. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ അംഗമായിരുന്നു. കോണ്‍ഗ്രസ് മുന്‍ വക്താവ് സന്ദീപ് ദീക്ഷിത് മകനാണ്.

കഴിഞ്ഞ ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു. ലോക്‌സഭാ തെരഞ്ഞടുപ്പിന് തൊട്ടുമുന്‍പാണ് വീണ്ടും ഷീലാ ദീക്ഷിത് ഡല്‍ഹി രാഷ്ട്രീയത്തില്‍ സജീവമായത്. സോണിയ ഗാന്ധിയുമായും ഹൈക്കമാന്റുമായും അടുത്ത് ബന്ധം പുലര്‍ത്തിയിരുന്ന മുതിര്‍ന്ന നേതാവാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com