കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ തയ്യാര്‍ ; 'സന്നദ്ധനായി' യുവ എഞ്ചിനീയര്‍

നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നും ഒരാള്‍ നേതൃപദവിയില്‍ എത്തിയാല്‍ പാര്‍ട്ടിയില്‍ ഭിന്നത ഉടലെടുക്കുമോ എന്നാണ് പ്രവര്‍ത്തകരില്‍ ഉയരുന്ന ആശങ്ക 
കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ തയ്യാര്‍ ; 'സന്നദ്ധനായി' യുവ എഞ്ചിനീയര്‍

പൂനെ : രാഹുല്‍ഗാന്ധി രാജിവെച്ചതിനെ തുടര്‍ന്ന് പുതിയ പ്രസിഡന്റിനെ കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ് നേതൃത്വം. രാജി പിന്‍വലിപ്പിക്കാന്‍ നടത്തിയ നീക്കങ്ങളെല്ലാം പരാജയപ്പെടുകയും, രാജി തീരുമാനത്തില്‍ രാഹുല്‍ ഉറച്ചു നില്‍ക്കുകയുമാണ്. അതേസമയം നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നും ഒരാള്‍ നേതൃപദവിയില്‍ എത്തിയാല്‍ പാര്‍ട്ടിയില്‍ ഭിന്നത ഉടലെടുക്കുമോ എന്നാണ് പൊതുവില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഉയരുന്ന ആശങ്ക. 

അതിനിടെ കോണ്‍ഗ്രസ് നേതൃത്വ പ്രതിസന്ധിയില്‍ പ്രശ്‌ന പരിഹാര നിര്‍ദേശവുമായി യുവ എഞ്ചിനീയര്‍ രംഗത്തെത്തി. ബംഗലൂരു ആസ്ഥാനമായുള്ള നിര്‍മ്മാണ സ്ഥാപനത്തിന്റെ പൂനെയിലെ മാനേജരായ ഗജാനന്ദ് ഹോസലെ എന്ന ഇലക്ട്രോണിക്‌സ് എഞ്ചിനീയറാണ് പുതിയ പരിഹാര മാര്‍ഗവുമായി രംഗത്തുവന്നത്. 

രാഹുല്‍ ഒഴിഞ്ഞതോടെ പ്രസിഡന്റ് പദവി സംബന്ധിച്ച് ശൂന്യത നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രസിഡന്റ് പദവി ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണ്. കോണ്‍ഗ്രസ് അധ്യക്ഷപദത്തിനായി ചൊവ്വാഴ്ച, പാര്‍ട്ടി സിറ്റി യൂണിറ്റ് പ്രസിഡന്റ് രമേഷ് ബാര്‍ഗെയ്ക്ക് അപേക്ഷ സമര്‍പ്പിക്കുമെന്നും ഗജാനന്ദ് ഹോസലെ പറഞ്ഞു. 

നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ഉത്തേജിപ്പിക്കാന്‍ യുവ നേതാവിനെയാണ് വേണ്ടത്. പ്രായത്തില്‍ മാത്രമല്ല, ഹൃദയത്തിലും ചിന്തകളിലും ചെറുപ്പമുള്ള നേതാവാണ് വേണ്ടത്. നിലവിലെ തിരിച്ചടിയില്‍ നിന്നും തനിക്ക് പാര്‍ട്ടിയെ ഉത്തേജിപ്പിക്കാനും മുന്നോട്ടുകൊണ്ടുപോകാനും കഴിയും. ഇതിനുള്ള പദ്ധതി തന്റെ കൈവശം ഉണ്ടെന്നും 28 കാരനായ ഹോസലെ പറഞ്ഞു. 

അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകനാണോ, മറ്റേതെങ്കിലും സാമൂഹ്യസംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന ചോദ്യങ്ങള്‍ക്ക് ഇല്ലെന്നായിരുന്നു ഹോസലെയുടെ മറുപടി. താന്‍ വളരെ പിന്നോക്കാവസ്ഥയില്‍ നിന്നും ഉയര്‍ന്നു വന്നയാളാണ്. പാര്‍ട്ടി പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചിരുന്നു എങ്കില്‍ താന്‍ ഒതുക്കപ്പെട്ടുപോയേനെ. തന്നെ നേരിട്ട് പാര്‍ട്ടി പ്രസിഡന്റായി തെരഞ്ഞെടുക്കുകയാണെങ്കില്‍, പക്ഷപാതമില്ലാതെ സുതാര്യമായി പ്രവര്‍ത്തിക്കാനാകും. പ്രസിഡന്റ് പദവിക്കായി അപേക്ഷ നല്‍കുന്നതിന് മുമ്പ്, പാര്‍ട്ടി പ്രാഥമിക അംഗത്വം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ഗജാനന്ദ് ഹോസലെ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com