സസ്‌പെന്‍സ് നീളില്ല ; കര്‍ണാടകയില്‍ ഇന്നുതന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍

വോട്ടെടുപ്പ് ഇനിയും നീണ്ടു പോയാല്‍ ഗവര്‍ണര്‍ ശക്തമായ നടപടികളിലേക്ക് നീങ്ങിയേക്കുമെന്നും സൂചനയുണ്ട്
സസ്‌പെന്‍സ് നീളില്ല ; കര്‍ണാടകയില്‍ ഇന്നുതന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍

ബംഗലൂരു : രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കര്‍ണാടകയില്‍ ഇന്നുതന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍. ഇന്ന് വൈകീട്ട് ആറുമണിക്ക് മുമ്പ് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്നും സ്പീക്കര്‍ രമേഷ് കുമാര്‍ അറിയിച്ചു. വിശ്വാസ വോട്ടെടുപ്പ് നടത്താതെ ചര്‍ച്ച നീട്ടിക്കൊണ്ടുപോകുന്ന സര്‍ക്കാരിന്റെയും സ്പീക്കറുടെയും നടപടി ചോദ്യം ചെയ്ത് രണ്ട് എംഎല്‍എമാര്‍ സുപ്രിംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സ്പീക്കര്‍ നിലപാട് വ്യക്തമാക്കിയത്. 

അതേസമയം സഖ്യസര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് മന്ത്രി യു ടി ഖാദര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതുസംബന്ധിച്ച തന്ത്രങ്ങള്‍ വെളിപ്പെടുത്താനാകില്ല. എപ്പോള്‍ വോട്ടെടുപ്പ് നടത്തണമെന്ന് നേതാക്കള്‍ തീരുമാനിക്കുമെന്നും യു ടി ഖാദര്‍ പറഞ്ഞു. അധികാരത്തിനായി കടിച്ചുതൂങ്ങില്ലെന്ന് മുഖ്യമന്ത്രി കുമാരസ്വാമിയും വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ നിലനിര്‍ത്താന്‍ പതിനെട്ടടവും പയറ്റുകയാണ് കോണ്‍ഗ്രസ് സഖ്യം. നിലവില്‍ 100 പേരുടെ പിന്തുണമാത്രമാണ് സഖ്യത്തിനുള്ളത്. രാമലിംഗറെഡ്ഢി ഒഴികെയുള്ള വിമതരെല്ലാം രാജിയില്‍ ഉറച്ചു നില്‍ക്കുകയാണ്. അതേസമയം 107 പേരുടെ പിന്തുണയുള്ള ബിജെപി, സര്‍ക്കാര്‍ രൂപീകരിക്കാമെന്ന  ആത്മവിശ്വാസത്തിലാണ്. 

അതിനിടെ കുമാരസ്വാമി സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ബിഎസ്പി എംഎല്‍എ എന്‍ മഹേഷിനു മായാവതി നിര്‍ദേശം നല്‍കി. നിയമസഭ യോഗത്തിന് എത്തില്ലെന്ന് പ്രസ്താവിച്ചതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ മായാവതിയുടെ നിര്‍ദ്ദേശം. വോട്ടെടുപ്പ് ഇനിയും നീണ്ടു പോയാല്‍ ഗവര്‍ണര്‍ ശക്തമായ നടപടികളിലേക്ക് നീങ്ങിയേക്കുമെന്നും സൂചനയുണ്ട്. കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കി ഗവര്‍ണര്‍ ഇതിനോടകം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com