കര്‍'നാടക'ത്തില്‍ ഇന്ന് ക്ലൈമാക്‌സ്? വൈകീട്ട് ആറ് മണിക്ക് മുന്‍പ് വിശ്വാസ വോട്ടെടുപ്പെന്ന് സ്പീക്കര്‍ 

വിശ്വാസ പ്രമേയത്തിന്‍മേല്‍ സഭയിലെ ചര്‍ച്ച തിങ്കളാഴ്ച അര്‍ധരാത്രിയും പൂര്‍ത്തിയാക്കാനായില്ല
കര്‍'നാടക'ത്തില്‍ ഇന്ന് ക്ലൈമാക്‌സ്? വൈകീട്ട് ആറ് മണിക്ക് മുന്‍പ് വിശ്വാസ വോട്ടെടുപ്പെന്ന് സ്പീക്കര്‍ 

ബംഗളൂരു: നാടകീയതകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ കര്‍ണാടക നിയമസഭ തിങ്കളാഴ്ച അര്‍ധ രാത്രിയോടെ പിരിഞ്ഞു. ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് സഭ വീണ്ടും ചേരുമെന്നും, ആറ് മണിക്ക് മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്നും സ്പീക്കര്‍ പറഞ്ഞു. 

വിശ്വാസ പ്രമേയത്തിന്‍മേല്‍ സഭയിലെ ചര്‍ച്ച തിങ്കളാഴ്ച അര്‍ധരാത്രിയും പൂര്‍ത്തിയാക്കാനായില്ല. ചില കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് കൂടി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാനുണ്ടെന്നും ചൊവ്വാഴ്ച വൈകീട്ടോടെ ചര്‍ച്ച അവസാനിപ്പിച്ച് വോട്ടെടുപ്പിലേക്ക് കടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് സിദ്ധാരാമയ്യ പറഞ്ഞു. 

വിമത എംഎല്‍എമാരെ അയോഗ്യരാക്കില്ലെന്നാണ് ബിജെപി അവരെ വിശ്വസിപ്പിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ പറഞ്ഞു. ഭരണഘടന പ്രകാരം സ്പീക്കര്‍ അയോഗ്യത കല്‍പ്പിച്ചാല്‍ അംഗമായിരിക്കാന്‍ സാധിക്കില്ലെന്നും, സഭയില്‍ ഹാജരാവാന്‍ ചൊവ്വാഴ്ച രാവിലെ 11 മണി വരെ സ്പീക്കര്‍ വിമത എംഎല്‍എമാര്‍ക്ക് സമയം അനുവദിച്ചിട്ടുണ്ടെന്നും ഡി.കെ.ശിവകുമാര്‍ പറഞ്ഞു. 

കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ ബഹളത്തെ തുടര്‍ന്ന് തിങ്കളാഴ്ച
രാത്രി വൈകി സഭ പലവട്ടം തടസപ്പെട്ടിരുന്നു. വിശ്വാസവോട്ടെടുപ്പിനായി അര്‍ധരാത്രി വരെ കാത്തിരിക്കാനും തയ്യാറാണെന്നായിരുന്നു ബിജെപി നേതാവ് യെദ്യൂരപ്പയുടെ നിലപാട്. വിശ്വാസവോട്ടെടുപ്പ് വൈകിപ്പിച്ചാല്‍ താന്‍ രാജിവയ്ക്കുമെന്ന പരാമര്‍ശം സ്പീക്കറില്‍ നിന്നുമുണ്ടായി. 

തന്റെ രാജിക്കത്ത് എന്ന നിലയില്‍ പ്രചരിക്കുന്നത് വ്യാജമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി സഭയില്‍ പറഞ്ഞു. തന്റെ രാജിക്കത്ത് എന്ന നിലയില്‍ പ്രചരിച്ച വ്യാജകത്ത് കുമാരസ്വാമി സഭയില്‍ വിതരണം ചെയ്യുകയും ചെയ്തു. 
അതിനിടെ, കര്‍ണാടകയില്‍ എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്ന വിമത എംഎല്‍എമാരുടെ ഹര്‍ജിയില്‍ കോണ്‍ഗ്രസും സ്പീക്കറും കക്ഷി ചേരുമെന്ന് വ്യക്തമാക്കി. വിമതരുടെ വിപ്പില്‍ വ്യക്തത തേടിയാണ് കോണ്‍ഗ്രസും സ്പീക്കറും കക്ഷി ചേരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com