കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥനാവാമെന്ന് ട്രംപ്; സ്വാഗതം ചെയ്ത് പാക്കിസ്ഥാന്‍; വേണ്ടെന്ന് ഇന്ത്യ

കാശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട് എന്നും ട്രംപ് വ്യക്തമാക്കി
കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥനാവാമെന്ന് ട്രംപ്; സ്വാഗതം ചെയ്ത് പാക്കിസ്ഥാന്‍; വേണ്ടെന്ന് ഇന്ത്യ

ന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രധാന തര്‍ക്ക വിഷയമായ കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി വൈറ്റ്ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മധ്യസ്ഥനാവാനുള്ള സന്നദ്ധത അറിയിച്ചത്. ഇരു രാജ്യങ്ങളും ആവശ്യപ്പെടുകയാണെങ്കില്‍ സഹായിക്കാന്‍ തയാറാണെന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍ ട്രംപിന്റെ വാഗ്ദാനം ഇന്ത്യ തള്ളി. 

തനിക്ക് സഹായിക്കാന്‍ കഴിയുമെങ്കില്‍ സന്തോഷം മാത്രമേയുള്ളൂ എന്നാണ് ഇമ്രാന്‍ ഖാനോട് ട്രംപ് പറഞ്ഞത്. യുഎസ് മധ്യസ്ഥത വഹിക്കാന്‍ സമ്മതിച്ചാല്‍ കോടിക്കണക്കിന് ആളുകളുടെ പ്രാര്‍ത്ഥന താങ്കളോടൊപ്പമുണ്ടാകും എന്നായിരുന്നു ഇമ്രാന്‍ നല്‍കിയ മറുപടി. കൂടാതെ കാശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട് എന്നും ട്രംപ് വ്യക്തമാക്കി. ഒസാക്കയില്‍ വെച്ചുള്ള ജി-20 ഉച്ചകോടിയില്‍ വെച്ച് മോദിയും കാശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ടിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. 

എന്നാല്‍ അമേരിക്കയുടെ നിര്‍ദേശം തള്ളി ഇന്ത്യ രംഗത്തെത്തി. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവൂ എന്നും മൂന്നാമതൊരാളുടെ സഹായം ആവശ്യമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് വ്യക്തമാക്കി. പ്രധാനമന്ത്രി ഒരു നിര്‍ദേശവും മുന്നോട്ടുവെച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. 

കാശ്മീര്‍ പ്രശ്‌നത്തെ ഇരു രാജ്യങ്ങള്‍ക്കുള്ളില്‍ ഒതുക്കി നിര്‍ത്താനാണ് ഇതുവരെ ഇന്ത്യ ശ്രമിച്ചിട്ടുള്ളത്. മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ തേടിയിട്ടില്ല. മാത്രമല്ല ഇന്ത്യ- പാക് പ്രശ്‌നങ്ങള്‍ ഉഭയയകക്ഷി ചര്‍ച്ചകള്‍ വഴി പരിഹരിക്കപ്പെടണമെന്നായിരുന്നു ദീര്‍ഘകാലമായുള്ള അമേരിക്കയുടെ നയം. മധ്യസ്ഥനാവാന്‍ അമേരിക്ക താല്‍പ്പര്യം അറിയിച്ചതോടെ ഇതുവരെയുള്ള നയത്തില്‍ നിന്ന് വ്യതിചലിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com