മൂന്നാം കക്ഷി ഇടപെടല്‍ വേണ്ട ; കശ്മീരില്‍ അമേരിക്കന്‍ മധ്യസ്ഥത തേടിയിട്ടില്ല ; വിശദീകരണവുമായി വിദേശകാര്യമന്ത്രി

കശ്മീര്‍ പ്രശ്‌നത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ തള്ളി കേന്ദ്രസര്‍ക്കാര്‍
മൂന്നാം കക്ഷി ഇടപെടല്‍ വേണ്ട ; കശ്മീരില്‍ അമേരിക്കന്‍ മധ്യസ്ഥത തേടിയിട്ടില്ല ; വിശദീകരണവുമായി വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി : കശ്മീര്‍ പ്രശ്‌നത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ തള്ളി കേന്ദ്രസര്‍ക്കാര്‍. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിന്റെ സഹായം തേടിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. കശ്മീരില്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ല. പാകിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. 

ഷിംല കരാറിന്റെയും ലാഹോര്‍ പ്രഖ്യാപനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ കശ്മീര്‍ പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാരിന്റെ നിലപാട്. അതിര്‍ത്തിയിലെ ഭീകരവാദം അവസാനിപ്പിച്ചാല്‍ മാത്രമേ വിഷയത്തില്‍ പാകിസ്ഥാനുമായി ഫലപ്രദമായ ചര്‍ച്ചകളിലേക്ക് കടക്കാനാകൂ. വിഷയത്തില്‍ ട്രംപിന്റെ മധ്യസ്ഥത തേടിയെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

ട്രപിന്റെ പ്രസ്താവനയെ പരാമര്‍ശിച്ച്, ഇതൊരു ദേശീയ പ്രശ്‌നമാണെന്ന് രാജ്യസഭ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ എം വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, ദേശീയ താല്‍പ്പര്യം എന്നിവയെല്ലാം ഉല്‍പ്പെട്ടിരിക്കുന്നു. ഈ വിഷയത്തില്‍ രാജ്യം ഒറ്റ സ്വരത്തിലാണ് സംസാരിക്കേണ്ടതെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. 

കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സഹായം തേടിയെന്ന് ട്രംപ് വെളിപ്പെടുത്തിയത് വിവാദമായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവരികയായിരുന്നു. കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ വേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. കശ്മീര്‍ പ്രശ്‌നം ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. ബിജെപി ഇതര മുന്‍ സര്‍ക്കാരുകള്‍ ഈ നിലപാടില്‍ ഉറച്ചുനിന്നിരുന്നു. ഇപ്പോള്‍ ട്രംപ് വെളിപ്പെടുത്തിയത് മോദി സഹായം തേടിയതുകൊണ്ടായിരിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് കുറ്റപ്പെടുത്തി. 

പാകിസ്ഥന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി വൈറ്റ്ഹൗസില്‍ നടത്തിയ ആദ്യ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേലനത്തിലായിരുന്നു ട്രംപിന്റെ പ്രസ്താവന. 'നരേന്ദ്ര മോദിയുമായി കശ്മീര്‍ വിഷയം രണ്ടാഴ്ച മുമ്പ് സംസാരിച്ചിരുന്നു. മധ്യസ്ഥത ആകാമോ എന്ന് മോദി ചോദിച്ചു. കശ്മീര്‍ പ്രശ്‌നം വര്‍ഷങ്ങല്‍ നീണ്ടതാണ്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ ചര്‍ച്ചകളില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണ്. ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടാല്‍ മാത്രമേ വിഷയത്തില്‍ ഇടപെടൂ'- ട്രംപ് പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com