'വാക്കില്‍ മാത്രം പോരാ, പ്രവര്‍ത്തനത്തിലും സത്യസന്ധത വേണം'; ഭീകരവാദത്തിനെതിരേ ശക്തമായ നടപടി വേണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ

പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണെന്നും ഇതിനെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാന്‍ തയാറാകണമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു
'വാക്കില്‍ മാത്രം പോരാ, പ്രവര്‍ത്തനത്തിലും സത്യസന്ധത വേണം'; ഭീകരവാദത്തിനെതിരേ ശക്തമായ നടപടി വേണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ

ന്യൂഡല്‍ഹി; രാജ്യത്ത് ഭീകരവാദികളുണ്ടെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി തന്നെ സമ്മതിച്ച സ്ഥിതിക്ക് ഭീകരവാദത്തിനെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് രാജ്യത്ത് ഇപ്പോഴും 40000 ത്തോളം ഭീകരവാദികളുണ്ടെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സമ്മതിച്ചത്. പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണെന്നും ഇതിനെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാന്‍ തയാറാകണമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. 

വാക്കുകളില്‍ മാത്രം പോരാ, പ്രവര്‍ത്തനത്തിലും സത്യസന്ധത കാണിക്കണം. ഭീകരവാദികള്‍ക്കെതിരെ വിശ്വസനീയവും വിട്ടുവീഴ്ചയില്ലാത്തതുമായ നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണം. ഇത് ഉചിതമായ സമയമാണെന്നും രവീഷ് കുമാര്‍ വ്യക്തമാക്കി. തീവ്രവാദത്തിനെതിരേ അതുവരെ പാക്കിസ്ഥാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെല്ലാം അന്താരാഷ്ട്ര സമൂഹത്തെ തൃപ്തിപ്പെടുക്കാനായി അര്‍ധ മനസോടെ ചെയ്തതാണെന്നാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. കശ്മീര്‍ വിഷത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവന മുഖവിലക്കെടുക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

30,000 40,000 ത്തോളം തീവ്രവാദികള്‍ അഫ്ഖാനിസ്ഥാനിലേയും കാശ്മീരിന്റെയും ചില ഭാഗങ്ങളില്‍ പരിശീലനം നടത്തുകയും ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നുമാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. നേരത്തെ അധികാരത്തില്‍ ഇരുന്ന ഗവണ്‍മെന്റുകള്‍ക്ക് തീവ്രവാദികള്‍ക്ക് എതിരേ പ്രവര്‍ത്തിക്കാനുള്ള രാഷ്ട്രീയ ശേഷിയുണ്ടായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളാണെന്ന ഇന്ത്യന്‍ വാദം ശരിവെക്കുന്നതായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രസ്താവന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com