കര്‍ണാടകയില്‍ മുഴുവന്‍ വിമതരും അയോഗ്യര്‍ ; 14 എംഎല്‍എമാരെ കൂടി സ്പീക്കര്‍ അയോഗ്യരാക്കി

യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നാളെ വിശ്വാസവോട്ട് നേടാനിരിക്കെയാണ് സ്പീക്കറുടെ നടപടി
കര്‍ണാടകയില്‍ മുഴുവന്‍ വിമതരും അയോഗ്യര്‍ ; 14 എംഎല്‍എമാരെ കൂടി സ്പീക്കര്‍ അയോഗ്യരാക്കി

ബംഗലൂരു : കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ക്ക് കനത്ത തിരിച്ചടി. 14 വിമത എംഎല്‍എമാരെ കൂടി സ്പീക്കര്‍ രമേഷ് കുമാര്‍ അയോഗ്യരായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ 11നും ജെഡിഎസിന്റെ മൂന്നും വിമത എംഎല്‍എമാരെയാണ് സ്പീക്കര്‍ അയോഗ്യരായി പ്രഖ്യാപിച്ചത്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നാളെ വിശ്വാസവോട്ട് നേടാനിരിക്കെയാണ് സ്പീക്കറുടെ നടപടി. 

വിമതരായ മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ നേരത്തെ അയോഗ്യരാക്കിയിരുന്നു. വിശ്വാസവോട്ടെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും കാണാതായ ശ്രീമന്ത് പാട്ടീല്‍, മുതിര്‍ന്ന നേതാക്കളായ റോഷന്‍ ബെയ്ഗ്, ആനന്ദ് സിംഗ്, എച്ച് വിശ്വനാഥ്, എസ് ടി സോമശേഖര്‍ എന്നിവരെയെല്ലാം അയോഗ്യരാക്കിയിട്ടുണ്ട്. 

ആരോഗ്യകാരണങ്ങളാലാണ് താന്‍ മുംബൈയ്ക്ക് പോയതെന്ന് ശ്രീമന്ത് പാട്ടീല്‍ സ്പീക്കര്‍ക്ക് കത്തുനല്‍കിയിരുന്നു. എന്നാല്‍ ശ്രീമന്ത് പാട്ടീല്‍ വിപ്പ് ലംഘിച്ചെന്നും, ഇദ്ദേഹത്തെയും അയോഗ്യനാക്കണമെന്നും കോണ്‍ഗ്രസും ജെഡിഎസും ആവശ്യപ്പെടുകയായിരുന്നു. നടപ്പു നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നതുവരെയാണ് എംഎല്‍എമാരെ അയോഗ്യരാക്കിയത്. 

ഈ നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നതുവരെ അയോഗ്യരാക്കിയ വിമത എംഎല്‍എമാര്‍ക്ക് ഏതെങ്കിലും പദവി വഹിക്കുകയോ, ഉപതെരഞ്ഞെടുപ്പിനെ നേരിടുകയോ ചെയ്യാനാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. 14 എംഎല്‍എമാരുടെ കാര്യത്തില്‍ കാര്യങ്ങള്‍ വിശദമായി പഠിക്കേണ്ടതുകൊണ്ടാണ് തീരുമാനം വൈകിയതെന്നും സ്പീക്കര്‍ രമേഷ് കുമാര്‍ അറിയിച്ചു. 

ഇതോടെ നിയമസഭയുടെ അംഗബലം 207 ആയി ചുരുങ്ങി. ഇത് ബിജെപി സര്‍ക്കാരിന് കൂടുതല്‍ അനുകൂലമാകുമെന്നാണ് സൂചന. നിലവിലെ സാഹചര്യത്തില്‍ 104 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് വേണ്ടത്. ബിജെപി ക്യാമ്പില്‍ സ്വതന്ത്രന്‍ ഉള്‍പ്പെടെ 106 പേരുടെ പിന്തുണയുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com