കോൺ​ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാൻ രഹസ്യബാലറ്റ് ?; നാലുപേരുകൾ നിർദേശിക്കാം; പ്രവർത്തകസമിതി യോ​ഗം 10 നകം

ഏറ്റവും കൂടുതൽ ആളുകൾ നിർദേശിച്ച പേരുകൾ പ്രവർത്തകസമിതി യോഗത്തിൽ സോണിയ അവതരിപ്പിക്കും
സോണിയ, രാഹുല്‍ (ഫയല്‍ ചിത്രം)
സോണിയ, രാഹുല്‍ (ഫയല്‍ ചിത്രം)

ന്യൂഡൽഹി : പുതിയ കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രവർത്തകസമിതി യോഗം ഓഗസ്റ്റ് 10-നകം ചേർന്നേക്കും. കർണാടകയിലെ വിശ്വാസവോട്ടെടുപ്പു കഴിഞ്ഞാൽ ഓഗസ്റ്റ് ആദ്യംതന്നെ പ്രവർത്തകസമിതി യോഗം ചേരാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, പാർലമെന്റ് സമ്മേളനം ഓ​ഗസ്റ്റ് ഏഴു വരെ നീട്ടിയതോടെയാണ് പ്രവർത്തക സമിതി യോ​ഗം ചേരുന്നതും നീട്ടിവെച്ചത്. 

പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ പ്രവർത്തകസമിതി അംഗങ്ങൾക്ക് രഹസ്യബാലറ്റ് നൽകുന്ന കാര്യം നേതൃത്വം പരിഗണിക്കുന്നുണ്ട്. നിലവിലുള്ള 52 പ്രവർത്തകസമിതിയംഗങ്ങൾക്ക് നൽകുന്ന രഹസ്യബാലറ്റിൽ നാലുപേരുകൾ വീതം രേഖപ്പെടുത്തണം. എന്തുകൊണ്ട് ഈ നേതാവിനെ തെരഞ്ഞെടുത്തു എന്ന കാര്യവും രേഖപ്പെടുത്തണം. ഈ രഹസ്യബാലറ്റ് പാർലമെന്ററി പാർട്ടി നേതാവ് സോണിയാ ഗാന്ധിക്കാണ് കൈമാറേണ്ടത്. 

ഏറ്റവും കൂടുതൽ ആളുകൾ നിർദേശിച്ച പേരുകൾ പ്രവർത്തകസമിതി യോഗത്തിൽ സോണിയ അവതരിപ്പിക്കും. രണ്ടാമതെത്തുന്ന ആളെ വർക്കിങ് പ്രസിഡന്റ് ആക്കണമെന്ന നിർദേശവും ഉയർന്നുവന്നിട്ടുണ്ട്. അധികാരം ഒരാളിൽ മാത്രം കേന്ദ്രീകരിക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദേശം പരി​ഗണിക്കുന്നത്. 

ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മേയ് 25-നു നടന്ന പ്രവർത്തക സമിതി യോഗത്തിലാണ് രാഹുൽ ഗാന്ധി രാജി പ്രഖ്യാപിച്ചത്. ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നു മുതിർന്ന നേതാക്കൾക്കു നിർദേശവും നൽകി. എന്നാൽ ഇതുവരെയും പുതിയ അധ്യക്ഷനെ നിശ്ചയിക്കാൻ കോൺ​ഗ്രസ് നേതാക്കൾക്ക് കഴിഞ്ഞിട്ടില്ല. മുതിർന്ന നേതാവ് സുശീൽകുമാർ ഷിൻഡെ, മല്ലികാർജുൻ ഖാർ​ഗെ, അശോക് ​ഗെഹലോട്ട്, യുവനേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യെ, സച്ചിൻ പൈലറ്റ് തുടങ്ങിയ പേരുകൾ പ്രസിഡന്റ് പദവിയിലേക്ക് ഉയർന്നുകേൾക്കുന്നുണ്ട്.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com