'പുരാതന ആചാരത്തെ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ എറിഞ്ഞു; ഇന്ത്യ ഇന്ന് ആഹ്ലാദിക്കുന്നു'; മുത്തലാഖ് ബിൽ പാസായതിൽ സന്തോഷം പങ്കിട്ട് പ്രധാനമന്ത്രി

മുത്തലാഖ് നിരോധന ബില്‍ രാജ്യസഭ പാസാക്കിയതിനു പിന്നാലെ സന്തോഷമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
'പുരാതന ആചാരത്തെ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ എറിഞ്ഞു; ഇന്ത്യ ഇന്ന് ആഹ്ലാദിക്കുന്നു'; മുത്തലാഖ് ബിൽ പാസായതിൽ സന്തോഷം പങ്കിട്ട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മുത്തലാഖ് നിരോധന ബില്‍ രാജ്യസഭ പാസാക്കിയതിനു പിന്നാലെ സന്തോഷമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം സന്തോഷം പങ്കിട്ടത്. രാജ്യത്തെ മുസ്ലിം സമൂഹത്തെ ബാധിച്ചിരുന്ന മുത്തലാഖ് എന്ന പുരാതനമായ ഒരു ആചാരത്തെ നിഷ്‌കാസനം ചെയ്യാനായെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 

'ഒരു പുരാതന ആചാരത്തെ ഒടുവില്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ എറിയാന്‍ സാധിച്ചു! മുത്തലാഖ് നിയമവിരുദ്ധമാക്കുകയും മുസ്ലിം സ്ത്രീകളോട് കാട്ടിയിരുന്ന ചരിത്രപരമായ ഒരു തെറ്റിനെ തിരുത്തുകയും ചെയ്തിരിക്കുന്നു. ലിംഗ നീതിയുടെ ഈ വിജയം സമൂഹത്തില്‍ കൂടുതല്‍ തുല്യത കൊണ്ടുവരും. ഇന്ത്യ ഇന്ന് ആഹ്ലാദിക്കുകയാണ്'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബില്ലിനെ പിന്തുണച്ച എല്ലാ പാര്‍ട്ടികള്‍ക്കും എംപിമാര്‍ക്കുമുള്ള നന്ദി അദ്ദേഹം അറിയിച്ചു. അവര്‍ സ്വീകരിച്ച നിലപാട് ഇന്ത്യയുടെ ചരിത്രത്തില്‍ എക്കാലവും സ്മരിക്കപ്പെടുമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പുകള്‍ക്കിടയില്‍ 84 നെതിരെ 99 വോട്ടുകള്‍ക്കാണ് മുത്തലാഖ് നിരോധന ബില്‍ രാജ്യസഭ പാസാക്കിയത്. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ലിംഗ നീതി, സമത്വം, മാന്യത എന്നിവയെല്ലാം ബില്ലിന്റെ ഉള്ളടക്കമാണെന്നും ഈ നിയമം ആയുധമാക്കുന്നതിനാണ് ബില്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡിഎ ഘടകകക്ഷികളായ ജെഡിയു, എഐഎഡിഎംകെ കക്ഷികളും ടിആര്‍എസ്, ടിഡിപി കക്ഷികളും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. 121 വേണ്ടിടത്ത് 92 ആയി ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്നതിനെ തുടര്‍ന്നാണ് ബില്‍ പാസാക്കാനായത്. നേരത്തെ 78നെതിരെ 302വോട്ടുകള്‍ക്ക് ലോക്സഭയില്‍ ബില്‍ പാസായിരുന്നു. 

ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ബില്‍. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബില്‍ നിയമമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com