ഏഴു വയസ്സുകാരന്റെ വായില്‍ നിന്നും പുറത്തെടുത്തത് 527 പല്ലുകള്‍ ; അമ്പരന്ന് ഡോക്ടര്‍മാര്‍

കുട്ടിയുടെ കവിള്‍ അസാധാരണമായി വീര്‍ത്തിരിക്കുന്നതിന്റെ കാരണം തേടിയാണ് മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിയത്
ഏഴു വയസ്സുകാരന്റെ വായില്‍ നിന്നും പുറത്തെടുത്തത് 527 പല്ലുകള്‍ ; അമ്പരന്ന് ഡോക്ടര്‍മാര്‍

ചെന്നൈ: ഏഴു വയസ്സുകാരന്റെ വായില്‍ നിന്ന് പറിച്ചെടുത്ത പല്ലുകള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ഡോക്ടര്‍മാര്‍. തമിഴ്‌നാട് സ്വദേശി രവീന്ദ്രനാഥാണ് ചെറുപ്രായത്തിലേ പല്ലുകളുടെ കാര്യത്തില്‍ സമ്പന്നനായത്. രവീന്ദ്രനാഥിന്റെ വായില്‍ നിന്ന് ഡോക്ടര്‍ പുറത്തെടുത്തത് 527 പല്ലുകളാണ്. കുട്ടിയുടെ കവിള്‍ അസാധാരണമായി വീര്‍ത്തിരിക്കുന്നതിന്റെ കാരണം തേടിയാണ് മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിയത്. 

സവിത ഡെന്റല്‍ കോളേജില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് കുട്ടിയുടെ വായിലെ പല്ലുകളുടെ കൂമ്പാരം കണ്ടെത്തിയത്. താടിയെല്ലിനോട് ചേര്‍ന്നായിരുന്നു പല്ലുകളില്‍ ഏറെയും. പുറത്തുകാണാന്‍ പറ്റാത്ത വിധത്തിലായിരുന്നു അധികവും. ഏറെ ക്ഷമയോടെ, അഞ്ചു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പല്ലുകള്‍ പുറത്തെടുത്തത്. അതേസമയം ഈ പ്രായത്തില്‍ സാധാരണനിലയില്‍ ആവശ്യമായ 21 പല്ലുകള്‍ വായില്‍ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. 

കുട്ടിയുടെ കവിള്‍ത്തടം കൂടുതല്‍ വീര്‍ത്തുവന്നതോടെയാണ് പിതാവ് പ്രഭുദോസ് അവനെ സവിത ആശുപത്രിയിലെത്തിച്ചത്. ഇവിടെ എക്‌സ്‌റേ, സി.ടി സ്‌കാന്‍ പരിശോധനകള്‍ക്ക് വിധേയമാക്കി. ഇതോടെ നിരവധി കുഞ്ഞുപല്ലുകള്‍ താടിയ്ക്കുള്ളില്‍ വളര്‍ന്നുവരുന്നത് കണ്ടെത്തി. മാതാപിതാക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായെങ്കിലും, കുട്ടിയെ ചികില്‍സയോട് സഹകരിപ്പിക്കാനായിരുന്നു ഏറെ ബുദ്ധിമുട്ടിയതെന്ന് ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു. ഒടുവില്‍ അവന്‍ ശസ്ത്രക്രിയയ്ക്ക് വഴങ്ങി. 

എല്ലുകള്‍ പൊട്ടിക്കുകയോ താടിയില്‍ വലിയ ദ്വാരം ഇടുകയോ ചെയ്യാതെ, താടിയെല്ലില്‍ ഡ്രില്‍ ചെയ്ത് കുഞ്ഞുപല്ലുള്‍ ഓരോന്നായി പുറത്തെടുക്കുകയായിരുന്നു. വേദനയില്‍നിന്നും മുക്തനായതോടെ വീര്‍ത്ത താടിയെല്ലുകള്‍ തടവി അവന്‍ നിഷ്‌കളങ്കമായി ചിരിച്ചു. എന്തുകൊണ്ടാണ് ഇത്തരത്തില്‍ പല്ലുകള്‍ വളരുന്നതെന്ന ചോദ്യത്തിന് ഡോക്ടര്‍മാര്‍ക്കും കൃത്യമായ മറുപടിയില്ല. മൊബൈല്‍ ടവര്‍ അടക്കമുള്ളവയുടെ റേഡിയേഷനും ജനിതക പ്രശ്‌നങ്ങളുമാകാം കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. 

ഇത്രയധികം പല്ലുകള്‍ ഇതാദ്യമായാണ് കാണുന്നതെന്ന് ഡോ.പ്രതിഭ രമണി പറയുന്നു. 2014ല്‍ മുംബൈയില്‍ ഒരു കൗമാരക്കാരന്റെ വായില്‍ നിന്ന് 232 പല്ലുകള്‍ നീക്കം ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com