നന്ദാദേവി കൊടുമുടി കയറുന്നതിനിടെ പര്‍വതാരോഹകരെ കാണാനില്ല ; സംഘത്തില്‍ വിദേശികളടക്കം എട്ടുപേര്‍ 

ഏഴ് വിദേശ പര്‍വതാരോഹകരും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ലെയ്‌സണ്‍ ഓഫീസറും അടങ്ങുന്ന സംഘം മെയ് 13നാണ് പുറപ്പെട്ടത്
നന്ദാ ദേവി കൊടുമുടി
നന്ദാ ദേവി കൊടുമുടി

പിത്തോര്‍ഗഡ് : ഉത്തരാഖണ്ഡിലെ നന്ദാ ദേവി കൊടുമുടി കയറുന്നതിനിടെ വിദേശ പര്‍വതാരോഹകര്‍ അടക്കം എട്ടുപേരെ കാണാനില്ല. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പിത്തോര്‍ഗഡ് ജില്ലാ അധികൃതര്‍ അറിയിച്ചു. ഏഴ് വിദേശ പര്‍വതാരോഹകരും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ലെയ്‌സണ്‍ ഓഫീസറും അടങ്ങുന്ന സംഘം മെയ് 13നാണ് മുന്‍സിയാരിയില്‍ നിന്നും പുറപ്പെട്ടത്. 

ബ്രിട്ടന്‍, അമേരിക്ക, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. മെയ് 25 ന് ശേഷമാണ് ഇവരെ കാണാതായതെന്ന് പിത്തോര്‍ഗഡ് ജില്ലാ മജിസ്‌ട്രേറ്റ് വി കെ ജോഗ്ദന്തെ പറഞ്ഞു. ഇവര്‍ ബേസ് ക്യാംപിലേക്ക് മടങ്ങിയെന്നായിരുന്നു മറ്റുള്ളവര്‍ വിചാരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കാണാതായ സംഘത്തിന്റെ ടീം ലീഡര്‍ ബ്രിട്ടീഷുകാരനായ മാര്‍ട്ടിന്‍ മോര്‍ട്ടെയ്ന്‍ പ്രശസ്തനായ പര്‍വതാരോഹകനാണ്. 

ജില്ലാ ആസ്ഥാനത്തിന് 132 കിലോമീറ്റര്‍ അകലെയുള്ള മുന്‍സിയാരിയില്‍ നിന്നാണ് കൊടുമുടിയിലേക്കുള്ള പാത ആരംഭിക്കുന്നത്. മുന്‍സിയാരിയില്‍ നിന്നും നന്ദാദേവി കൊടുമുടിയുടെ ബേസ് ക്യാംപിലേക്ക് 90 കിലോമീറ്ററാണുള്ളത്. 7434 മീറ്റര്‍ ഉയരമുള്ളതാണ് നന്ദാദേവി കൊടുമുടി. 

സംസ്ഥാന ദുരന്തനിവാരണ സേന, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ 14 അംഗ സംഘം തുടങ്ങിയവ തിരച്ചിലിന് നേതൃത്വം ന്ല്‍കിവരുന്നു. ഹെലികോപ്റ്ററിന്റെ സഹായത്തോടെ കാണാതായവരെ കണ്ടെത്താന്‍ വ്യോമനിരീക്ഷണവും നടത്തുന്നതായി ജില്ലാ അധികൃതര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com