വ്യാജ ബിരുദ വിവാദം വിട്ടൊഴിയാതെ മാനവ വിഭവശേഷി വകുപ്പ്; പുതിയ മന്ത്രിയും വിവാദത്തില്‍

രണ്ടാം മോദി സര്‍ക്കാരിലെ മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്കിന്റെ ഡിഗ്രികള്‍ വ്യാജമാണെന്ന് ആരോപണം.
വ്യാജ ബിരുദ വിവാദം വിട്ടൊഴിയാതെ മാനവ വിഭവശേഷി വകുപ്പ്; പുതിയ മന്ത്രിയും വിവാദത്തില്‍

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിലെ മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്കിന്റെ ഡിഗ്രികള്‍ വ്യാജമാണെന്ന് ആരോപണം.മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ നിഷാങ്ക്, ഇന്റര്‍ നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡി ലിറ്റും ഉത്തരാഖണ്ഡിലെ ഹേമവതി നന്ദന്‍ ബഹുഗുണ ഗര്‍വാള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിഎച്ച്ഡിയും നേടിയിട്ടുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ ബയോഡേറ്റയില്‍ പറയുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നാണ് ആരോപണം. 

ശ്രീലങ്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയാണ് ഡി ലിറ്റ് നല്‍കിയതെന്നാണ് മന്ത്രിയുടെ പ്രൊഫൈലിലുള്ളത്. സാഹിത്യത്തിലുള്ള സംഭവനകള്‍ക്കാണ് ആദ്യം ഡി ലിറ്റ് നല്‍കിയത്. ശാസ്ത്ര രംഗത്തെ സംഭാവനകള്‍ക്ക് ഇതേ യൂണിവേഴ്‌സിറ്റി വീണ്ടും ഡി ലിറ്റ് നല്‍കിയെന്നും മന്ത്രി അവകാശപ്പെടുന്നു. 

എന്നാല്‍ ഈ യൂണിവേഴ്‌സിറ്റി ശ്രീലങ്കയില്‍ അംഗീകൃത യൂണിവേഴ്‌സിറ്റികളുടെ കൂട്ടത്തിലുള്ളതല്ല. ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി വിദേശ സര്‍വകലാശാല ആയോ സ്വദേശ സര്‍വകലാശല ആയോ ശ്രീലങ്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ഓഫ് ശ്രീലങ്ക പറയുന്നത്. ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ ആരാഞ്ഞുകൊണ്ട് നല്‍കിയ വിവരാവകാശത്തിനും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുന്‍ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെയും വിദ്യാഭ്യാസ യോഗ്യതകള്‍ സംബന്ധിച്ച വിവാദങ്ങള്‍ അണയാതെ നില്‍ക്കുമ്പോഴാണ് പുതിയ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതകളും വ്യാജമാണെന്ന ആരോപണങ്ങള്‍ പുറത്തുവരുന്നത്. 

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ വിദൂര പഠന സംവിധാനത്തിലൂടെ ബിരുദത്തിന് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാനായിട്ടില്ലെന്ന് സ്മൃതി ഇറാനി ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് സ്മൃതിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള വിവാദങ്ങള്‍ അവസാനിച്ചത്. എന്നാല്‍ മോദി ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയെന്ന് അവകാശപ്പെടുന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റി, ഇതുവരെയും അത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com